നിര്‍ണായക നീക്കവുമായി ഇന്ത്യയും, ഇസ്രയേലിനെതിരായ യു എൻ പ്രമേയത്തിന് പിന്തുണ, അനുകൂലിച്ചത് 145 രാജ്യങ്ങള്‍

ടെല്‍ അവീവ്: ആക്രമണം തുടരുന്നതിനിടെ ഗാസ സിറ്റിയിലെ അല്‍ – ഷിഫ ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെയും അവശനിലയിലായ മറ്റ് രോഗികളെയും സുരക്ഷിത ആശുപത്രികളിലേക്ക് മാറ്റാൻ തയ്യാറായി ഇസ്രയേല്‍ സേന.
വൈദ്യുതി നിലച്ചതോടെ ഇൻക്യുബേറ്ററിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ അടക്കം 12 രോഗികള്‍ മരിച്ചിരുന്നു. നിലവില്‍ 45 കുഞ്ഞുങ്ങള്‍ അല്‍ – ഷിഫയിലുണ്ട്. അല്‍ – ഖുദ്സ് ആശുപത്രിയിലെ വൈദ്യുതിയും നിലച്ചു.
വൈദ്യുതി ബന്ധം നിലച്ചതോടെ ഇൻകുബേറ്ററിലായിരുന്ന നവജാത ശിശുക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് ആശുപത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.. ഇന്ധനം ഇല്ലാതായതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അല്‍ ഖുദ്സും അറിയിച്ചു. അല്‍ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാര്‍ത്താവിനിമയ സംവിധാനവും നഷ്ടമായതായി ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.
അതിനിടെ, അധിനിവേശത്തിലുള്ള കിഴക്കൻ ജെറുസലേമും മറ്റ് പാലസ്തീൻ പ്രദേശങ്ങളും സിറിയയിലെ ഗോലാനും സ്വന്തമാക്കാൻ ഇസ്രയേല്‍ ജൂതകോളനികള്‍ സ്ഥാപിക്കുകയാണ്. ഇതിനെ അപലപിക്കുന്ന യു.എൻ പ്രമേയത്തെ ഇന്ത്യയടക്കം 145 രാജ്യങ്ങള്‍ അനുകൂലിച്ചു. ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ വൻശക്തികളും ഒപ്പംനിന്നു. യു.എസ് അടക്കം 7 രാജ്യങ്ങള്‍ എതിര്‍ത്തു. യു. എൻ പൊതുസഭയുടെ സ്പെഷ്യല്‍ പൊളിറ്റിക്കല്‍ ആൻഡ് ഡീ കോളണൈസേഷൻ കമ്മിറ്റിയാണ് പ്രമേയം കൊണ്ടുവന്നത്. അധിനിവേശ പ്രദേശങ്ങളിലെ ഭൂമി പിടിച്ചെടുക്കുന്നതും അവിടത്തെ ജനങ്ങളെ മാറ്റുന്നതും ഉടൻ നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരായ മുൻ പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
സംഘര്‍ഷത്തിന് 3 – 5 ദിവസം ഇടവേള നല്‍കിയേക്കുമെന്നും 100 ഓളം ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും ഒരു ഇസ്രയേലി മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളടക്കം ഏതാനും പാലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചേക്കും.

