കര്‍ണാടകയില്‍ ആദ്യ സിക വൈറസ് സ്ഥിരീകരിച്ചു; രോഗത്തെയും ലക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. റായ്ച്ചൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിക്കാണ് സിക്ക വൈറസ് പോസിറ്റീവായതെന്ന് ആരോഗ്യമന്ത്രി കെ.സുധാകര്‍ അറിയിച്ചു. സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ പരിശോധനയ്ക്കായി വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സാധാരണയായി ഇത്തരം സാമ്ബിളുകളുടെ 10 ശതമാനം മാത്രമേ പരിശോധനയ്ക്കായി പൂനെയിലേക്ക് അയയ്ക്കാറുളളൂ, അതില്‍ ഇത് പോസിറ്റീവായി’മന്ത്രി പറഞ്ഞു. മൂന്ന് സാമ്ബിളുകള്‍ അയച്ചതില്‍ രണ്ടെണ്ണം നെഗറ്റീവും ഒന്ന് പോസിറ്റീവുമായിരുന്നു.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. കര്‍ണാടകയില്‍ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു.
എന്താണ് സിക വൈറസ്
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അണുബാധകള്‍ പരത്തുന്ന ഈഡിസ് കൊതുകു കടിക്കുന്നതിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്. 1947-ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. സിക വൈറസ് അണുബാധ ഭൂരിഭാഗം പേരിലും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കില്ല. നാഡീസംബന്ധമായ പ്രശ്നങ്ങളിലേക്ക് പലപ്പോഴും രോഗം നയിക്കാറുണ്ട്.
പക്ഷേ ഗര്‍ഭിണികളെയാണ് രോഗം സാരമായി ബാധിക്കുന്നത്. രോഗം ബാധിക്കാതെ സൂക്ഷിക്കണം. ഗര്‍ഭാവസ്ഥയില്‍ രോഗമുണ്ടായാല്‍ നവജാത ശിശുവിന് മസ്തിഷ്ക വൈകല്യം അല്ലെങ്കില്‍ കണ്‍ജെനിറ്റല്‍ സിക്ക സിന്‍ഡ്രോം എന്നിങ്ങനെയുളള രോഗങ്ങളുണ്ടാക്കാം.
ലക്ഷണങ്ങള്‍
പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, തലവേദന, ഛര്‍ദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പ്രകാരം ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്തും അതിരാവിലെയും വൈകുന്നേരവുമാണ് കടിക്കുന്നത്. അതുകൊണ്ടുതന്നെ വീടുകളിലെ ജനാലകളും വാതിലുകളും കൊതുക് കടക്കാതെ നോക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും ഉറങ്ങുമ്ബോള്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. ഗര്‍ഭിണികളും കുട്ടികളും കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. കൊതുക് വളരാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക.

