ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്; ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്ക്

ഹൈദരാബാദ്: ബുധനാഴ്ച നടന്ന ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് കൂറ്റൻ ജയത്തിലേക്ക്. 8 കോർപ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈ.എസ്.ആർ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തിൽ ലീഡുമായി തെലുഗു ദേശം പാർട്ടി രണ്ടാം സ്ഥാനത്തുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കോൺഗ്രസിനും ബി.ജെ.പിക്കും എവിടെയും ലീഡ് ചെയ്യാനായിട്ടില്ല.
12 കോർപ്പറേഷനുകളിലേക്കും 75 മുനിസിപ്പാലിറ്റികളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 12 കോർപ്പറേഷനുകളിൽ ആകെയുള്ള 671 ഡിവിഷനുകളിൽ 90 ഇടങ്ങളിലും മുനിസിപ്പൽ-പഞ്ചായത്ത് വാർഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിൽ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉൾപ്പടെയുള്ള നാല് മുനിസിപ്പാലിറ്റികളും വൈ.എസ്.ആർ കോൺഗ്രസ് എതിരില്ലാതെ ജയിച്ചിരുന്നു. ജഗൻമോഹൻ റെഡ്ഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.

