കാസർകോട് ഡിപ്പോയിൽ കെഎസ്ആർടിസി ട്രിപ്പ് മുടക്കം; താൽക്കാലിക പരിഹാരം

കാസർകോട് ∙ ഡീസലിന്റെ കുടിശിക തുക ഭാഗികമായി നൽകിയതിനാൽ കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ സർവീസ് മുടക്കത്തിനു താൽക്കാലിക പരിഹാരമായി. കറന്തക്കാട് റീട്ടെയിൽ ഡിപ്പോ മുഖേന ഡീസൽ വാങ്ങിയതിനു കുടിശികയായ വൻതുക കൊടുക്കാൻ കഴിയാതെ മറ്റു പല റീട്ടെയിൽ ഡിപ്പോകൾ മുഖേന ഡീസൽ എത്തിച്ചാണ് ഏതാനും ദിവസങ്ങളായി സർവീസ് നടത്തുന്നത്.
വിപണി വിലയ്ക്കു ഡീസൽ കെഎസ്ആർടിസിക്കു നൽകണമെന്ന ഹൈക്കോടതി നിർദേശം വന്നതോടെ ഡീസൽ ക്ഷാമത്തിനും കുടിശികയ്ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 8,000 ലീറ്റർ ഡീസൽ വേണം 1 ദിവസം ഡിപ്പോയിലെ ബസുകൾ ഓടിക്കാൻ. പണം നിശ്ചിത ദിവസങ്ങളിൽ കൊടുക്കാത്തതിനാൽ ഡീസൽ മുടങ്ങുന്നത് അധികൃതർക്കു തീരാ തലവേദനയായി. യാത്രക്കാർക്കു ഇതിനിടയിൽ പെരുവഴിയിൽ ആകുന്ന സ്ഥിതി. ഡീസൽ ലഭ്യത ഉറപ്പുവരുത്താൻ അധികൃതർക്കു കഴിയുന്നില്ല.
ചൊവ്വാഴ്ച മുടങ്ങിയത് 12 ട്രിപ്പുകൾ
ഡീസൽ തീർന്നതിനാൽ ചൊവ്വാഴ്ച 12 ട്രിപ്പ് സർവീസ് ആണ് മുടങ്ങിയത്. മുൻ ദിവസങ്ങളിലും ചില ട്രിപ്പുകൾ മുടങ്ങിയിരുന്നു. ഇന്നലെ ബാക്കി സർവീസുകളും മുടങ്ങിയേക്കും എന്ന നില ആയപ്പോൾ കറന്തക്കാട് റീട്ടെയിൽ ഡിപ്പോയ്ക്കു ഭാഗികമായി തുക നൽകി. അതോടെ കറന്തക്കാട്, പൊയിനാച്ചി എന്നിവിടങ്ങളിൽ നിന്നായി 11,000 ലീറ്റർ ഡീസൽ എത്തിച്ചു.
സർവീസുകൾ പിന്നീട് സാധാരണ പോലെയായി.ഇന്നലെ 16,000 ലീറ്റർ ഡീസൽ കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി കുടിശിക തുക കിട്ടാതെ തരാൻ കഴിയില്ലെന്ന് റീട്ടെയിൽ ഡീലർ അറിയിച്ചപ്പോൾ 25 ലക്ഷം രൂപ കൂടി ലഭിച്ചു. അതോടെ ആവശ്യപ്പെട്ട 16000 ലീറ്ററിൽ 12,000 കൊടുക്കാൻ ധാരണയായി.

