ജില്ലയിൽ ട്രാഫിക് നിയമ ലംഘനം നടന്നാൽ പിടികൂടാൻ 40 AI ക്യാമറ

കാസർകോട്• ജില്ലയിലെ റോഡുകളിൽ ട്രാഫിക് ലംഘനം പിടിക്കാൻ 40 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ. അടുത്ത ആഴ്ച മുതൽ(ഏപ്രിൽ 20) ക്യമാറകൾ പൂർണമായി പ്രവർത്തിപ്പിക്കാനാണു തീരുമാനം. ഇതിന്റെ മുന്നോടിയായി ജില്ലയിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കുകയും ന്യൂനതകൾ പരിഹരിക്കാൻ ആവശ്യമായ നടപടികളും മോട്ടർ വാഹന വകുപ്പ് തുടങ്ങി. ജില്ലയുടെ അതിർത്തി പ്രദേശമായ ഹൊസങ്കടി, മുള്ളേരിയ, പാണത്തൂർ എന്നിവിടങ്ങളിലടക്കം ഇതിനകം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കൺട്രോൾ റൂം കാസർകോട്ട്
മോട്ടർ വാഹന വകുപ്പ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറയുടെ കൺട്രോൾ റൂം മോട്ടർ വാഹന വകുപ്പിന്റെ കാസർകോട് നഗരത്തിലെ എൻഫോഴ്സ്മെന്റ് ഓഫിസിലാണ് സ്ഥാപിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപേ തന്നെ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിരുന്നു.
എന്തെല്ലാം പിടികൂടും?
ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹനയാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വിവിധ ക്യാമറകൾ പ്രത്യേക രീതിയിൽ ക്രമീകരിക്കും. അനധികൃത പാർക്കിങ് പിടികൂടുന്നതിനായി ഫിക്സ്ഡ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ
കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാത
∙ പുതിയകോട്ട, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് 2 എണ്ണം, കാഞ്ഞങ്ങാട് ടിബി റോഡ്, കോട്ടച്ചേരി ആർഒബി, അതിഞ്ഞാൽ, മഡിയൻ ജംക‍്ഷൻ–മഡിയൻ കൂലോം റോഡ്, മഡിയൻ, ചിത്താരി, പള്ളിക്കര, ബേക്കൽപാലം, പാലക്കുന്ന്, കളനാട് ജംക‍്ഷൻ, കളനാട്, മേൽപ്പറമ്പ്, ചന്ദ്രഗിരി ജംക‍്ഷൻ (പ്രസ് ക്ലബ് ജംക‍്ഷൻ), കാസർകോട് പഴയ ബസ് സ്റ്റാൻഡ്
കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാനാനന്തര പാത
പാണത്തൂർ, ഒടയംചാൽ.
ചെർക്കള–ജാൽസൂർ–പെർള സംസ്ഥാനാനന്തപാത
ചെർക്കള, ബോവിക്കാനം, മുള്ളേരിയ, ബദിയടുക്ക, പെർള
കുമ്പള, സീതാംഗോളി, ബദിയടുക്ക
പൊയ്നാച്ചി–ബന്തടുക്ക പാത
കുണ്ടംകുഴി, കുറ്റിക്കോൽ, ബന്തടുക്ക
പടന്ന–നടക്കാവ്–ഉദിനൂർ പാത
നടക്കാവ്–ഉദിനൂർ, പടന്ന
∙ ചന്ദേര–ഒളവറ റോഡ്‍ തൃക്കരിപ്പൂർ, തങ്കയം മുക്ക്
∙ മറ്റ് റോഡുകൾ
കൈക്കമ്പ ജംക‍്ഷൻ, ചെമ്മട്ടംവയൽ ജംക്‌ഷൻ, കോട്ടപ്പുറം, ചോയങ്കോട്, ചീമേനി
ദേശീയപാതയിൽ പണി പൂർത്തിയായ ശേഷം മാത്രം
ദേശീയപാതയിൽ 7 എഐ ക്യാമറകളാണ് സ്ഥാപിക്കുന്നത്. പക്ഷേ, ഇവിടെ പാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ അതിനു ശേഷമേ സ്ഥാപിക്കു. കാലിക്കടവ്, ചെറുവത്തൂർ, നീലേശ്വരം, ബല്ല–, ചെർക്കള, കുമ്പള, ബന്തിയോട് എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ എഐ ക്യാമറകൾ സ്ഥാപിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി അഴിച്ചുമാറ്റിയ സ്പീഡ് ക്യാമറകളും മോട്ടർ വാഹന വകുപ്പിന്റെ ഉടമസ്ഥതയിൽ സൂക്ഷിച്ചിട്ടുണ്ട്. റോഡിന്റെ പണി തീരുന്നതോടെ ക്യാമറകൾ സ്ഥാപിക്കുമെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

