‘രാജ്യത്ത് മുസ്ലിം-ക്രിസ്ത്യന്‍ വേട്ട, വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം വേണം’; മോദിക്ക് കത്തെഴുതി ദുഷ്യന്ത് ദവേ

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ. വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രത്യേക നിയമം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുഫോബിയയ്‌ക്കെതിരെ നിയമം പാസാക്കിയ ജോര്‍ജിയയില്‍നിന്ന് കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ദ ഹിന്ദു’വിലാണ് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ദവേയുടെ കത്ത്. 2023 ജനുവരിയില്‍ ബി.ജെ.പി ഭാരവാഹികളെ അഭിംസബോധന ചെയ്ത് ദേശീയ നിര്‍വാഹക സമിതി യോഗത്തിലും 2019ല്‍ യു.എന്‍ പൊതുസഭയിലും മോദി നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് തുടങ്ങുന്നത്. മുസ്‌ലിം സമുദായത്തിനെതിരെ ഒരു തരത്തിലുമുള്ള തെറ്റായ പ്രസ്താവനകള്‍ നടത്തരുതെന്ന് താങ്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഒരു മതത്തിനും ജാതിക്കുമെതിരെ സംസാരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താങ്കളുടെ അജണ്ടകള്‍ അട്ടിമറിക്കാനും സ്വപ്‌നങ്ങള്‍ ഇല്ലായ്മ ചെയ്യാനും ചിലര്‍ നീക്കം നടത്തുന്നുണ്ടെന്ന് വ്യക്തമാണെന്ന് ദവേ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജനുവരി 28ന് ഇന്‍ഡോറില്‍ വി.എച്ച്.പി സമ്മര്‍ദത്തെ തുടര്‍ന്ന് സോനു മന്‍സൂരി അറസ്റ്റ് ചെയ്തതും ജയിലില്‍ 54 ദിവസം കഴിഞ്ഞ ശേഷം സുപ്രിംകോടതി വെറുതെവിട്ടതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2022 ഏപ്രില്‍ 14ന് ഉത്തര്‍പ്രദേശിലെ ഫത്തഹ്പൂരില്‍ ഡോക്ടര്‍മാരും കുട്ടികളും പുരോഹിതന്മാരും ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ സംഭവവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. കോവിഡിന്റെ തുടക്കത്തില്‍ നിസാമുദ്ദീന്‍ മര്‍കസിലെ മുസ്‌ലിം വിശ്വാസികളെ ഭീകരവാദികളും കൊറോണ ഫാക്ടറിയുമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചു. നൂറുകണക്കിനുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജയിലില്‍ കിടന്നു. ഇത്തരത്തില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രസംഘങ്ങളുടെ വേട്ട നടക്കുകയാണെന്നും പൊലീസും മാധ്യമങ്ങളും ഇതിനു കൂട്ടുനില്‍ക്കുകയും ജുഡിഷ്യറി മൗനം പാലിക്കുകയും ചെയ്യുകയാണെന്നും ദവേ കത്തില്‍ കുറ്റപ്പെടുത്തുന്നു.
രാജ്യത്ത് നിയമവാഴ്ച അപകടത്തിലാണ്. നിയമവാഴ്ച അപകടത്തിലായാല്‍ ജനാധിപത്യം തകരും. കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതഭ്രാന്തന്മാരില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്ക്കര്‍ നല്‍കിയതാണ്. രാജ്യത്ത് തന്നെ തുടരാന്‍ തീരുമാനിച്ചവരാണ് ന്യൂനപക്ഷം. അവരെ സംരക്ഷിക്കേണ്ട ചുമതല ന്യൂനപക്ഷത്തിനാണെന്നെല്ലാം അംബേദ്ക്കര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ന്യൂനപക്ഷങ്ങള്‍ക്കും ഭൂരിപക്ഷത്തിനും ഇടയിലുള്ള വിവേചനം ഇല്ലാതാകണമെന്ന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും ഇവരുടെ മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും ദുഷ്യന്ത് ദവേ കത്തില്‍ ചൂണ്ടിക്കാട്ടി.

