ഒന്നരലക്ഷം നിക്ഷേപിച്ചാല്‍ ലാഭവിഹിതമായി ദിവസവും 1527 രൂപ, ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്, കമ്പനിയുടെ എം ഡി പിടിയില്‍

കാസര്‍കോട്: ‘മൈ ക്ലബ് ട്രേഡേഴ്സ്’ എന്ന പേരില്‍ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തി മുങ്ങിയെന്ന പരാതിയില്‍ മൂന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി
മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ മലപ്പുറം കാളികാവ് ഉതിരുംപൊയില്‍, പാലക്കാതൊടിയില്‍ മുഹമ്മദ് ഫൈസലി (32) നെയാണ് കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ അറസ്റ്റുചെയ്തത്.
കുറ്റകൃത്യത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്കു വരാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോഴാണ് പൊലീസ് സംഘം പിടിച്ചത്. മൈ ക്ലബ് ട്രേഡേഴ്സ് എന്ന കമ്ബനി യില്‍ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 1527രൂപ പ്രകാരം ഒരു വര്‍ഷം വരെ ലാഭവിഹിതം തരും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അറസ്റ്റുചെയ്ത പ്രതി കമ്ബനിയുടെ എം.ഡി ആയാണ് പ്രവര്‍ത്തിച്ചിരുന്നത്.
13 പ്രതികളുള്ള ഈ കേസിലെ ഏഴ് പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. അറസ്റ്റുചെയ്യാന്‍ ബാക്കിയുള്ള അഞ്ച് പ്രതികള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. ഈ പ്രതികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍. നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലുള്ള ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐ ജനാര്‍ദ്ദനന്‍, എ.എസ്.ഐ മോഹനന്‍, എസ്.സി.പി ഒ രാജേഷ് എന്നിവര്‍ ഉണ്ടായിരുന്നു.

