KSDLIVENEWS

Real news for everyone

പൊതുസമ്മതനെ കണ്ടെത്താന്‍ പ്രതിപക്ഷം; മമത വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും

SHARE THIS ON

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും.രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കായാണ് മമത യോഗം വിളിച്ചത്. ഡല്‍ഹിയില്‍ നാളെ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

മതേതരമുഖമുള്ള പൊതുസമ്മതനായ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷത്ത് നീക്കം നടക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതാവിനെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നതെങ്കില്‍ പിന്തുണക്കില്ലെന്ന് തൃണമൂല്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ മമത തീരുമാനിച്ചത്.

നാളെ വൈകീട്ട് മൂന്നു മണിക്ക് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. മമതയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരായിരിക്കും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പേര് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നാളെ നടന്നേക്കും.

എന്‍.സി.പി നേതാവ് ശരദ് പവാര്‍ യോഗത്തില്‍ പങ്കെടുക്കാനായി ഇന്നു തന്നെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് നിലവില്‍ അത്തരത്തിലുള്ള തീരുമാനമില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. അതേസമയം, ചില പേരുകള്‍ പ്രതിപക്ഷ കൂട്ടായ്മയ്ക്കു മുന്‍പാകെ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പവാര്‍ പ്രതിപക്ഷത്തിന്റെ ‘പൊതുസമ്മത’ സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം, പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള നീക്കം ബി.ജെ.പിയിലും പുരോഗമിക്കുകയാണ്. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്കാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചയുമായി ബന്ധപ്പെട്ട ചുമതല നല്‍കിയിരിക്കുന്നത്. വൈ.എസ്.ആര്‍ അടക്കമുള്ള ചെറുകക്ഷികളുടെ പിന്തുണ തേടുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും. ഇതിനുശേഷമായിരിക്കും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!