ആകെയുള്ളത് ഒരു എയര്‍ആംബുലന്‍സ് മാത്രം; ദുരിതത്തിലായി ലക്ഷദ്വീപിലെ രോഗികള്‍

കൊച്ചി: എയര്‍ ആംബുലന്‍സ് സൗകര്യം കാര്യക്ഷമമല്ലാത്തതിനാല്‍ ലക്ഷദ്വീപിലെ രോഗികള്‍ ദുരിതത്തില്‍. മൂന്ന് ഹെലികോപ്റ്ററുകളില്‍ രണ്ടെണ്ണവും തകരാറിലായതാണ് തിരിച്ചടിയാവുന്നത്. അടിയന്തരമായി എയര്‍ ലിഫ്റ്റ് ചെയ്യേണ്ട രോഗികള്‍ ഇപ്പോഴും അഗത്തിയിലെ ആശുപത്രിയില്‍ കഴിയുകയാണ്.
ദ്വീപ് ഭരണകൂടത്തിന്റെ പക്കലുള്ളവയില്‍ ഒരേയൊരു ഹെലികോപ്റ്റര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ കൊച്ചിയിലേക്ക് അടിയന്തരമായി എയര്‍ ലിഫ്റ്റ് ചെയ്യേണ്ട അറുപതുകാരിയെ ഹെലികോപ്റ്റര്‍ ലഭ്യമല്ലാത്തതിനെ തുര്‍ടര്‍ന്ന് കൊണ്ടുപോകാനായില്ല. ഇവരെ അഗത്തിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റര്‍ കൊച്ചിയിലായതാണ് തിരിച്ചടിയായത്. ഈ ഹെലികോപ്റ്റര്‍ ഇന്ന് അഗത്തിയിലെത്തിയ ശേഷമാണ് രോഗിയെ കൊണ്ടുപോവാനാവുക.
ഏറെ നാളായി എയര്‍ ആംബുലന്‍സ് സേവനം പരിമിതമായതിനാല്‍ പല രോഗികളും ആശ്രയിക്കുന്ന കപ്പലുകളെയാണ്. എന്നാല്‍ അടിയന്തര സ്വഭാവമുള്ള രോഗികള്‍ക്കും പ്രസവത്തോട് അടുത്ത ഗര്‍ഭിണികള്‍ക്കുമൊന്നും കപ്പല്‍ യാത്ര ചെയ്യാനാവില്ല. ഇവര്‍ക്ക് എയര്‍ ലിഫ്റ്റിങ് മാത്രമാണ് ആശ്രയം. പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി വന്ന ശേഷമാണ് എയര്‍ ആംബുലന്‍സ് സൗകര്യം പരിമിതപ്പെട്ടതെന്നാണ് ദ്വീപ് നിവാസികള്‍ കുറ്റപ്പെടുത്തുന്നത്.

