കോറോ ഹെല്‍ത്ത് പിരിച്ചുവിടല്‍: ജോലിനഷ്ടമായ ജീവനക്കാരില്‍ പരമാവധി ആളുകള്‍ക്ക് ജോലി നല്‍കാന്‍ ജി ടെക്

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്ത് മുന്‍കൂട്ടി അറിയിക്കാതെ കേരളത്തിലെ ഓഫീസുകള്‍ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തില്‍ സംസ്ഥാന വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെകും തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തി.
കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ ജി ടെക് കമ്പനി സംരക്ഷിക്കുമെന്നും കഴിയുന്നത്ര പേരെ ജോലിക്കെടുക്കുമെന്നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ജി ടെക് അധികൃതരും അറിയിച്ചു. നൂറ് ശതമാനം പേര്‍ക്കും ജോലി നല്‍കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെങ്കിലും, യോഗ്യരായ ജീവനക്കാരെ കമ്പനികളിലേക്ക് ഉള്‍ക്കൊള്ളാന്‍ ജിടെക് പ്രതിനിധികള്‍ പരമാവധി ശ്രമിക്കുമെന്ന് ചര്‍ച്ചയില്‍ അറിയിച്ചു.
എഐ വരുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമെന്നത് സത്യാവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളില്‍ മറുവശത്ത് അവസരങ്ങള്‍ തുറക്കപ്പെടണം. അതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനായി തൊഴില്‍ രഹിതരായ ജീവനക്കാരുടെ പ്രൊഫൈലുകള്‍ ജിടെക് അംഗങ്ങളായ കമ്പനികള്‍ക്ക് കൈമാറും. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളണമെന്നും എഐ അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകളില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരസ്പരം പ്രൊഫൈലുകള്‍ പങ്കുവയ്ക്കാനാണ് ശ്രമം. കേരളത്തിലെ മറ്റ് കമ്പനികളും ഇക്കാര്യത്തില്‍ സഹകരിച്ച് പ്രശ്നം പരിഹരിക്കണം എന്ന സന്ദേശം കൂടിയാണിത്. കോറോ ഹെല്‍ത്ത് കമ്പനിയോട് പുറത്താക്കപ്പെട്ട ജീവനക്കാരുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രൊഫൈലുകള്‍ മറ്റ് കമ്പനികളിലേക്ക് പരസ്പരം ഷെയര്‍ ചെയ്യും. ഇതിലൂടെ പരമാവധി പേര്‍ക്ക് കമ്പനിയില്‍ നിയമനം നല്‍കാമെന്നാണ് കരുതുന്നത്. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരുപരിധിവരെ ആളുകളെ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ജിടെക് അധികൃതരും വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിലും വ്യവസായ മന്ത്രി പ്രതികരിച്ചു. കെല്‍പാമില്‍ മാത്രമല്ല പല പൊതുമേഖല സ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ട്. അതിനുവേണ്ടി മാത്രം ധവളപത്രം ഇറക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്ന് പരിഹാസ രൂപേണ മന്ത്രി പ്രതികരിച്ചു. അതിനിടയില്‍ പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രം ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ധവളപത്രം പൂര്‍ണ്ണമായും വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

