ഒരാള്‍ ഡോറില്‍, രണ്ടുപേര്‍ റൂഫില്‍; താമരശ്ശേരി ചുരത്തില്‍ അപകടകരമാം വിധം സാഹസികയാത്ര നടത്തിയ വാഹനത്തിന് പിഴ

താമരശ്ശേരി: ചുരത്തിലൂടെ അപകടകരമായ രീതിയില്‍ യുവാക്കളുടെ കാര്‍യാത്ര. ഡോറിന്റെ ഗ്ലാസ് താഴ്ത്തി അതില്‍ ആളിരുന്നായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറില്‍ യുവാക്കള്‍ ചുരംകയറിയത്. കാറിന്റെ സണ്‍റൂഫ് തുറന്ന് ഒരു യുവാവും യുവതിയും നില്‍ക്കുകയും ചെയ്തിരുന്നു. കെ.എസ്.ആര്‍.ടി.സി. അടക്കമുള്ള ബസുകളും മറ്റു വാഹനങ്ങളും വലതുവശത്തിരിക്കുന്ന യുവാവിന് സമീപത്തുകൂടി കടന്നുപോകുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ അപകടകരമായ നിലയില്‍ കാറോടിച്ച ഡ്രൈവര്‍ക്ക് ഹൈവേ പോലീസ് പിഴ ചുമത്തി. ലക്കിടിയില്‍വെച്ചാണ് കാറിന് 1000 രൂപ പിഴയിട്ടത്. താമരശ്ശേരി ഹൈവേ പോലീസ് എസ്.ഐ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഴ ചുമത്തിയത്. യാത്രക്കാര്‍ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

