‘എൻഎസ്എസിനോട് പിണക്കമില്ല’: വിമർശിക്കാറ് അതാത് സമയത്ത് എടുക്കുന്ന നയത്തെ:എം.വി.ഗോവിന്ദൻ

തിരുവനന്തപുരം| എൻഎസ്എസിന്റെ സമദൂര നിലപാടു പലപ്പോഴും സമദൂരമാകാറില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസിനു സമദൂര നിലപാടാണെന്ന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നയത്തിന് അനുസരിച്ചാണ് ഓരോ സംഘടനകളുമായുള്ള ഇണക്കവും പിണക്കവുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം സംബന്ധിച്ച ചോദ്യം ഉയർന്നയുടൻ ‘അതു വേണ്ട’ എന്നു വിലക്കി അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ചു. എൻഎസ്എസിനെ പുകഴ്ത്തി ജെയ്ക് ‘തിരഞ്ഞെടുപ്പിൽ സിപിഎം ആരെയും ശത്രുപക്ഷത്തു നിർത്തുന്നില്ല. മുൻപുമില്ല, ഇപ്പോഴുമില്ല, ഇനിയുമില്ല. പാർട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചു കൃത്യമായ അഭിപ്രായം അപ്പപ്പോൾ രേഖപ്പെടുത്താറുണ്ട്. എൻഎസ്എസിന്റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല. സമദൂരം എന്നു പറഞ്ഞത് അത്രയും നല്ലത്. ഒരു ഭാഗത്ത് ഇല്ലല്ലോ’–എം.വി.ഗോവിന്ദൻ പറഞ്ഞു. സ്ഥാനാര്‍ഥിയെന്ന നിലയിൽ ആരെയും കാണുന്നതിന് കുഴപ്പമില്ല. സമുദായ സംഘടനാ നേതാക്കളെ കാണുന്നതിനെ തിണ്ണനിരങ്ങൽ എന്നൊക്കെ പറയുന്നത് കോൺഗ്രസിന്റെ പ്രയോഗമാണ്. ജി.സുകുമാരൻനായരായാലും വെള്ളാപ്പള്ളി നടേശനായാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് അഭ്യർഥിക്കാനുള്ള ജനാധിപത്യ മര്യാദയും അവകാശവും സ്ഥാനാർഥിക്കുണ്ട്. എൻഎസ്എസിന്റെ പക്കലാണോ സമുദായ വോട്ടുകളെല്ലാം ഉള്ളതെന്ന ചോദ്യത്തിന്, അവരുടെ കയ്യിലാണ് മുഴുവൻ വോട്ടെന്ന ചിന്തയില്ലെന്നും അവരുടെ കയ്യിലും വോട്ടുണ്ടെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി. വോട്ട് അഭ്യർഥിച്ച് ആരെയും കാണുന്നതിനെ സിപിഎം കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാ സമുദായനേതാക്കളെയും വോട്ടർമാരെയും സ്ഥാനാർഥികൾ കാണും. പുരോഗമന സ്വഭാവമുള്ള പാർട്ടിയാണ് സിപിഎമ്മെങ്കിലും പുരോഗമന സ്വഭാവമല്ലാത്തവർക്കും വോട്ടുണ്ടെന്നും അതിനാൽ എല്ലാവരോടും വോട്ട് അഭ്യർഥിക്കേണ്ടിവരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സപ്ലൈക്കോയ്ക്കും മറ്റ് പൊതുവിതരണ സംവിധാനങ്ങൾക്കുമുള്ള പണം സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം സർക്കാർ നിറവേറ്റുന്നുണ്ട്. സംസ്ഥാനത്തിന്റെ നികുതി പിരിവില്‍ വലിയ വർധനവുണ്ടായി. നികുതിയിനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 71000 കോടിരൂപ ലഭിച്ചു. 50 ശതമാനമാണു നികുതിപിരിവിൽ വർധനവുണ്ടായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

