KSDLIVENEWS

Real news for everyone

കരാറുകാർക്കുള്ള കുടിശ്ശിക 16,000 കോടി കവിഞ്ഞു ;ഒരു വർഷത്തെ ബില്ലുകൾ കെട്ടിക്കിടക്കുന്നു

SHARE THIS ON

കോട്ടയം: സർക്കാർകരാറുകാർക്കുള്ള കുടിശ്ശിക 16,000 കോടിരൂപ കവിഞ്ഞു. പല വകുപ്പിലും ചെയ്തജോലിക്കുള്ള പണം ഒരുവർഷത്തിനിടെ നൽകിയിട്ടില്ല. ഇതേവരെ മുടക്കമില്ലാതിരുന്ന പഞ്ചായത്തുതലങ്ങളിലെ ഗ്രാമീണറോഡ് നവീകരണംപോലും നിർത്തിവെച്ച് കരാറുകാർ മെല്ലെപ്പോക്കിലാണ്. മാർച്ചുവരെയെങ്കിലും ഇൗ സ്ഥിതി മാറില്ലെന്നാണ് ധനവകുപ്പ് നൽകുന്ന സൂചന.


പൊതുമരാമത്ത് വകുപ്പ് എട്ടുമാസത്തെ പണം നൽകാനുണ്ട്. 7000 കോടി രൂപ വരുമിത്. ഒാണത്തിനുമുമ്പ് അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകൾ ട്രഷറിയിൽ മാറിയിരുന്നു. ഇപ്പോൾ അതുമില്ല. കുടിശ്ശിക ബാങ്കുവഴി വായ്പാരൂപത്തിൽ നൽകുന്ന രീതിയും നിലച്ചു. ഇതിന് പലിശവരും. പാതിപലിശ കരാറുകാരനും പാതി സർക്കാരുമാണ് ബാങ്കിന് നൽകേണ്ടത്.


ജലവിഭവവകുപ്പിൽ 18 മാസമായി ബില്ലുകൾ മാറിനൽകുന്നില്ല. വെള്ളക്കുഴലുകളുടെയും പമ്പ് ഹൗസുകളുടെയും അറ്റക്കുറ്റപ്പണിപോലും ചെയ്യാൻകഴിയാത്ത പ്രതിസന്ധി. 1000 കോടിയുടെ ബിൽ കുടിശ്ശികയാണ്.

Advertisement




കിഫ്ബിയിലെ ജോലികൾക്ക് 2000 കോടിരൂപയാണ് കുടിശ്ശിക. കിഫ്ബിതന്നെ കരുതൽധനം തീർന്ന് പ്രയാസത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ പ്രാദേശികറോഡ് വികസനം, എം.എൽ.എ.മാരുടെ പ്രാദേശികവികസനപദ്ധതികൾ, റീബിൽഡ് കേരള എന്നിവയിൽ ഒരു വർഷത്തെ പണംനൽകാനുണ്ട്. ഇവമാത്രം 6000 കോടിവരും.

ഇൗ കുടിശ്ശിക സർക്കാർ കരാറുകാരുടേതുമാത്രമാണ്. പലസംഘങ്ങളും ഏജൻസികളും ടെൻഡറെടുത്ത് ജോലികൾചെയ്യുന്നുണ്ട്. അവർക്കും ഒരുവർഷംവരെയുള്ള പണംകിട്ടാനുണ്ട്.

പണമില്ല, സാമഗ്രികളും

സർക്കാർ പണികൾക്ക് എടുക്കുന്ന സാമഗ്രികൾക്ക് പണംകിട്ടാൻ വൈകുമെന്നതിനാൽ അധികബില്ലാണ് ഏജൻസികളും ഉടമകളും ഇൗടാക്കുന്നത്. ഒരു ബാരൽ ടാറിന് 6500 രൂപയാണ് സർക്കാർനിരക്ക്. കമ്പനികൾ ഇതിന് 10,000 രൂപ ഇൗടാക്കും. മെറ്റൽ, പാറപ്പൊടി, സിമന്റ് തുടങ്ങിയവയ്ക്കും ഇതേനിലയാണ്. ക്വാറികൾ പലയിടത്തും കരാറുകാർക്ക് സാധനങ്ങൾ കൊടുക്കുന്നില്ല.

കേന്ദ്രരീതി

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ പണികളുടെ ബിൽത്തുക തരുന്നതിന് സ്വീകരിക്കുന്നത് ട്രേഡ് റിസീവബിൾ ഡിസ്കൗണ്ടിങ് രീതിയാണ്. ഇതുപ്രകാരം ബിൽതുക ബാങ്കുവഴി വായ്പാരൂപത്തിൽ തരികയും അതിന്റെ പലിശ പൂർണമായും സർക്കാർ അടയ്ക്കുകയും ചെയ്യും. കേരളത്തിൽ ബിൽ ഡിസ്കൗണ്ട് സ്കീം നിലവിലുണ്ട്. ഇവിടെയും പണം ബാങ്കുവഴി കൊടുക്കും. പക്ഷേ, പാതിവീതം പലിശ കരാറുകാരനും സർക്കാരും നൽകണം. പിന്നീടേ കരാറുകാരൻ നൽകിയ പലിശ സർക്കാർ അവർക്ക് കൊടുക്കൂ. 10 ശതമാനമാണ് ഇങ്ങനെ നൽകുന്ന തുകയ്ക്കുള്ള പലിശ.

കേന്ദ്രരീതി വേണം -ഏകോപനസമിതി

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ട്രേഡ് റിസീവബിൾ ഡിസ്കൗണ്ടിങ് രീതി വന്നാൽ പലിശയുടെ ഭാരമെങ്കിലും കരാറുകാരന് കുറയും.

-വർഗീസ് കണ്ണമ്പള്ളി,കൺവീനർ, കരാറുകാരുടെ സംഘടനകളുടെ ഏകോപനസമിതി

വലിയ കുടിശ്ശികയില്ല -ധനമന്ത്രി

ബിൽ ഡിസ്കൗണ്ടിങ്‌വഴി കുടിശ്ശിക കാര്യമായി കൊടുത്തിട്ടുണ്ട്. ബാക്കിയുള്ളത്‌ ഉടൻ കൊടുത്തുതീർക്കും.

– കെ.എൻ. ബാലഗോപാൽ, ധനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!