KSDLIVENEWS

Real news for everyone

സോളാർ സി.ബി.ഐ. റിപ്പോർട്ട് ;മുഖ്യമന്ത്രിയുടെ ഒറ്റ ഉത്തരത്തിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയനീക്കം പാളി

SHARE THIS ON

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐ. റിപ്പോർട്ട് ആയുധമാക്കി പ്രതിപക്ഷം തുടങ്ങിയ പടപ്പുറപ്പാട് ലക്ഷ്യം നിശ്ചയിക്കാനാകാതെ വഴിമുട്ടി. സി.ബി.ഐ. റിപ്പോർട്ടിലെ കണ്ടെത്തൽ നിയമസഭയിൽ ചർച്ചയാക്കി സർക്കാരിനും എൽ.ഡി.എഫിനുമെതിരേ ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.


ഉമ്മൻചാണ്ടിക്കെതിരേ ആരോപണമുയർത്തിയതിനുപിന്നിൽ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുമുണ്ടായെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പുറത്ത് കെ.പി.സി.സി.യും ആവശ്യപ്പെട്ടപ്പോൾ, അന്വേഷണമല്ല നടപടിയാണ് വേണ്ടതെന്ന നിലപാടിലേക്ക് യു.ഡി.എഫ്. മാറി.

ചൊവ്വാഴ്ച ചേർന്ന കെ.പി.സി.സി. യോഗം ചർച്ചചെയ്താണ്, സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചത്. ബുധനാഴ്ച യു.ഡി.എഫ്. യോഗം ചേർന്നപ്പോൾ അന്വേഷണമല്ല, നടപടിയാണ് വേണ്ടതെന്ന നിലപാടിലേക്ക് മാറി. എന്ത് നടപടിയാണെന്നതിന് ഉത്തരവും അവർക്കില്ല.

സി.ബി.ഐ.യുടെ കണ്ടെത്തലിൽ സർക്കാരിന് പ്രത്യേകിച്ച് ഒരുനടപടിയും നിയമപരമായി സ്വീകരിക്കേണ്ടതില്ലെന്ന്‌ തിരിച്ചറിഞ്ഞാണ്, അന്വേഷണം വേണമെങ്കിൽ എഴുതിത്തരൂവെന്ന് മുഖ്യമന്ത്രി സഭയിൽ പ്രഖ്യാപിച്ചത്. ‘എഴുതിത്തരൂ അന്വേഷിക്കാം’ എന്ന മുഖ്യമന്ത്രിയുടെ ഒറ്റ ഉത്തരത്തിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയനീക്കം പാളിയ സ്ഥിതിയിലാണ്.

സർക്കാരിന്റെ നിയന്ത്രണത്തിൽ അന്വേഷണമുണ്ടായാൽ അതിന്റെ ഫലം യു.ഡി.എഫ്. നേതാക്കൾക്ക് എതിരായി മാറുമെന്ന സംശയവും പ്രതിപക്ഷത്തിന്റെ ആശയക്കുഴപ്പത്തിന് കാരണമാണ്.

സർക്കാർ ഈ കേസിൽ കക്ഷിയല്ല. അതിനാൽ, പുനരന്വേഷണം അടക്കമുള്ളവയ്ക്ക് സർക്കാരിന് നേരിട്ട് തീരുമാനമെടുക്കാൻ തടസ്സമുണ്ട്. പരാതിക്കുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സി.ബി.ഐ. കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരായവർക്ക് മാനനഷ്ടത്തിന് കേസ് നൽകാം. ഉമ്മൻചാണ്ടി മരിച്ചതിനാൽ അതിനുള്ള സാധ്യതയില്ല.രാഷ്ട്രീയമായി കോൺഗ്രസ് നേതാക്കൾ ഇതിൽ പരാതി നൽകാൻ സാധ്യതയും കുറവാണ്. ഇതാണ് യു.ഡി.എഫിനെ കുഴക്കിയതും സർക്കാരിനും എൽ.ഡി.എഫിനും തുണയായതും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!