KSDLIVENEWS

Real news for everyone

ഐ.സി.എം.ആറിന്റെ മൊബൈൽ ലാബ് കോഴിക്കോടെത്തി; നിപ പരിശോധന ഇനി ജില്ലയിൽ നടത്തി ഫലമറിയാം

SHARE THIS ON

കോഴിക്കോട്: നിപ സംശയിക്കുന്നവരുടെ സാംപിൾ പ്രാഥമികപരിശോധനയ്ക്കായി ഐ.സി.എം.ആർ മൊബൈൽ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി. മെഡിക്കൽ കോളേജ് പരിസരത്തായിരിക്കും ലാബ് പ്രവർത്തിക്കുക. ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ നിപ പരിശോധനകൾ കോഴിക്കോട്ട് നടത്താനാകും. രണ്ട് ആഴ്ച ലാബിന്റെ സേവനം ജില്ലയിൽ ലഭ്യമാകും. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ സാമ്പിളുകളായിരിക്കും ഇവിടെ പരിശോധിക്കുക. മറ്റ് സാമ്പിളുകൾ മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിൽ തന്നെ പരിശോധിക്കും. ഇതിനിടെ, ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി. ഡോ. ഹിമാൻഷു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. സംഘം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും പരിഹാര നടപടികൾ നിർദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സർക്കാരിന് വിവരങ്ങൾ കൈമാറും. ടീമിന്റെ പ്രവർത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയർ റീജിയണൽ ഡയറക്ടർ ഏകോപിപ്പിക്കും. പകര്‍ച്ചവ്യാധി വിലയിരുത്തലുകൾക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്നാണ് കേന്ദ്ര സംഘം പ്രവർത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!