സൗജന്യ വാക്സിൻ വിതരണം മുഖ്യമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ചട്ടല ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം നടന്ന പത്രസമ്മേളനത്തിലാണ് കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.അതേസമയം പ്രഖ്യാപനത്തില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

