പോത്തന്‍കോട് കൊലപാതകം, ഒറ്റിയത് സ്വന്തം അളിയന്‍; പ്രതികള്‍ക്ക് സുധീഷിനോട് കൊടുംപക

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ പട്ടാപ്പകൽ യുവാവിനെ വീടിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്ന മൂന്നുപേരുടെ അറസ്റ്റാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നുപേരെകൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചുപേരുടെ ചിത്രങ്ങൾ തിങ്കളാഴ്ച പോലീസ് പുറത്തുവിട്ടു.
ചിറയിൻകീഴ് ശാസ്തവട്ടം മാർത്താണ്ഡംകുഴി സുധീഷ് ഭവനിൽ നിധീഷ് (മൊട്ട-27), ശാസ്തവട്ടം സീനഭവനിൽ നന്ദീഷ് (ശ്രീക്കുട്ടൻ-23), കണിയാപുരം മണക്കാട്ടുവിളാകം പറമ്പിൽവീട്ടിൽ രഞ്ജിത് (പ്രസാദ്-28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊലപാതകത്തിൽ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണി, രണ്ടാംപ്രതി ഒട്ടകം രാജേഷ്, മൂന്നാംപ്രതി ശ്യാംകുമാർ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാസഹോദരനാണ് ശ്യാംകുമാർ. ഇയാളാണ് സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിന് കാട്ടിക്കൊടുത്തതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവുവില്പനയുമായി ബന്ധപ്പെട്ട് സുധീഷ്, ശ്യാമിനെ മർദിച്ചിരുന്നു. ഒന്നാംപ്രതി സുധീഷ് ഉണ്ണിയുടെ അമ്മയുടെ നേർക്ക് ബോംബെറിഞ്ഞ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഒട്ടകം രാജേഷാണ് അക്രമികളെ സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പത്തോളംപേരെ ചോദ്യംചെയ്ത് വരുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽപേർ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു.
ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷാണ് (35) ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കല്ലൂർ പാണൻവിളയിൽ സജീവിന്റെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. വധശ്രമക്കേസിൽ ഉൾപ്പെട്ടിരുന്ന സുധീഷ് പാണൻവിള പണയിൽ ഒളിവിൽക്കഴിയുന്നതറിഞ്ഞെത്തിയ ഗുണ്ടാസംഘമാണ് കൊലപാതകം നടത്തിയത്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകക്കേസിലെ മുഴുവൻ പ്രതികളെയും എത്രയുംവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. മൂന്നു പ്രതികൾകൂടി കസ്റ്റഡിയിൽ
സംഭവത്തിൽ മൂന്നു പ്രതികൾകൂടി പോലീസ് പിടിയിലായി. വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ(23), വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിൻ(24), കന്യാകുളങ്ങര കുണൂർ സ്വദേശി സൂരജ്(23) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് അന്വേഷണസംഘത്തിന്റെ പിടിയിലായത്.
കൊലപാതകത്തിൽ ഇവർക്ക് നേരിട്ടു പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലിസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
ആദ്യം അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതിനെത്തുടർന്നാണ് വെഞ്ഞാറമൂട് മാർക്കറ്റ് റോഡിനു സമീപത്തെ ഒളിയിടത്തിൽനിന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
സുധീഷിനോടു പകയുള്ളവർ സംഘംചേർന്നു: ആക്രമണത്തിൽ പങ്കെടുത്തത് 11 പേർ
പകരംവീട്ടാൻ കാത്തിരുന്നവർ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തൻകോട് കല്ലൂരിൽ നടന്നതെന്ന് സൂചന. ഏതെങ്കിലും ഒരു കാരണത്തിന്റെ തുടർച്ചയല്ല ആക്രമണത്തിനു പിന്നിലെന്നാണ് വ്യക്തമാകുന്നത്.
ആക്രമണം നടത്തിയവരിൽ പലർക്കും പല സംഭവങ്ങളിലായി സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 11 പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് തിങ്കളാഴ്ച പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
സുധീഷിനെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണിയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ അമ്മയുടെ നേർക്ക് കൊല്ലപ്പെട്ട സുധീഷ് നാടൻബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിസംബർ 6-നാണ് ഈ സംഭവം നടന്നത്. സുധീഷ് ഉണ്ണിക്ക് കൊല്ലപ്പെട്ട സുധീഷിനോടുള്ള പകയ്ക്ക് കാരണമിതാണ്. കേസിലെ മൂന്നാംപ്രതിയായ ശ്യാംകുമാറും സുധീഷും തമ്മിൽ കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും സുധീഷ് ശ്യാംകുമാറിനെ മർദിക്കുകയും ചെയ്തിരുന്നു. ഇത് ശ്യാംകുമാറിന്റെ പകയ്ക്കിടയാക്കി.
ഊരുപൊയ്ക മങ്കാട്ടുമൂലയിൽ അഖിൽ, വിഷ്ണു എന്നിവർക്ക് 6-ന് വൈകീട്ട് വെട്ടേറ്റിരുന്നു. ഈ കേസിലെ മൂന്നാംപ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരാണ് അഖിലും വിഷ്ണുവും. ഇവർക്കുനേരേകൂടി ആക്രമണമുണ്ടായതോടെ സുധീഷിനെ തേടിപ്പിടിച്ച് ആക്രമിക്കാൻ മറ്റുള്ളവരെല്ലാം ചേർന്ന് തീരുമാനിക്കുകയായിരുന്നു. ആക്രമണത്തിനായി വിവിധ സ്ഥലങ്ങളിൽനിന്നുള്ളവരെ സംഘടിപ്പിച്ചത് ഒട്ടകം രാജേഷാണ്. നിരവധി ക്രമിനൽകേസുകളിൽ പ്രതിയായ രാജേഷ് അടുത്തകാലത്തായി കേസുകളിലൊന്നിലും ഉൾപ്പെട്ടിരുന്നില്ല. അതേസമയം മംഗലപുരം ചിറയിൻകീഴ് മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവ്യാപാരത്തിന്റെ പ്രധാന കണ്ണിയാണിയാളെന്നാണ് സൂചന. ലഹരിവസ്തുക്കളുടെ കടത്തിലും വ്യാപാരത്തിലും ഇയാൾക്ക് വലിയ പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണക്കേസിലെ മറ്റു പ്രതികളുമായി ഇയാളെ ബന്ധിപ്പിക്കുന്നതും ഈ ലഹരിക്കച്ചവടമാണെന്നാണ് സൂചന. ഒട്ടകം രാജേഷും സുധീഷ് ഉണ്ണിയും തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സുധീഷിനെ ഒറ്റിയത് ഭാര്യാസഹോദരൻ
കല്ലൂരിൽ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റു മരിച്ച സുധീഷിനെ ഒറ്റിയത് ഭാര്യാസഹോദരനായ ശ്യാംകുമാറെന്ന് സൂചന. സുധീഷിനെ ആക്രമിച്ചവരുടെ കൂട്ടത്തിലും ശ്യാംകുമാറുണ്ടായിരുന്നു. ഇയാൾ കേസിലെ മൂന്നാം പ്രതിയാണെന്ന് പോലീസ് പറയുന്നു.

കൊല്ലപ്പെട്ട സുധീഷും ഭാര്യാസഹോദരനായ ശ്യാംകുമാറും കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് സുധീഷ് അടുത്തിടെ ശ്യാംകുമാറിനെ മർദിച്ചിരുന്നു.
ഇതിന്റെ പകയാണ് സുധീഷിന്റെ ഒളിയിടം അക്രമികൾക്കു കാട്ടിക്കൊടുക്കാനും ആക്രമണത്തിൽ പങ്കാളിയാകാനും ശ്യാംകുമാറിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ഇയാളെ പിടികൂടിയാൽ മാത്രമേ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പോലീസ് പറയുന്നു

