KSDLIVENEWS

Real news for everyone

അനാവശ്യ തർക്കം, റോഡിൽ പൊലിഞ്ഞത് ഏഴ് പ്രവാസി ജീവനുകൾ; മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക്

SHARE THIS ON

ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളിൽ ബാക്കി 4 പേരുടെ മൃതദേഹം കൂടി നാട്ടിലേയ്ക്ക് കൊണ്ടുപോയി. 2 തെലുങ്കാന, ഒരു ന്യൂഡൽഹി സ്വദേശികളുടെയും ഒരു ശ്രീലങ്കൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊണ്ടുപോയത്. 3 ഇന്ത്യക്കാരുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു.

ഇന്നലെ(ഞായർ) വൈകിട്ട് മുഹൈസിന ഗവ. മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ നടന്ന എംബാമിങ്ങിൽ മൃതദേഹം ഒരു നോക്ക് കാണാൻ കമ്പനി അധികൃതരും സഹപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒട്ടേറെ പേരെത്തി. എല്ലാവരും മരിച്ചവർക്ക് കണ്ണീരോടെ അന്തിമയാത്രാ മൊഴി നൽകി. അതേസമയം, പരുക്കേറ്റ കൊല്ലം സ്വദേശി സനിൽ ഗോപാലൻ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നതായി ഇവർ ജോലി ചെയ്യുന്ന കമ്പനി അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

സനിലിന്റെ വാരിയെല്ലുകൾക്കാണ് പരുക്കേറ്റിട്ടുള്ളത്. ഇദ്ദേഹം കമ്പനിയിലെ സൈറ്റ് ഇൻസ്റ്റലേഷൻ ജോലിക്കാരനാണ്. ഇദ്ദേഹമടക്കം മിനിബസിന്റെ വലതുവശത്ത് ഇരുന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ പരുക്കേറ്റ മൂന്ന് പേരൊഴിച്ച് ബാക്കിയെല്ലാവരും അന്നു തന്നെ ആശുപത്രി വിട്ടിരുന്നു. സനിൽ അടക്കം 3 പേരാണ് ആശുപത്രിയിലുള്ളത്. ഇവരും വൈകാതെ ആശുപത്രി വിടും.

ഒരു കാർ ഡ്രൈവറുമായുള്ള തർക്കത്തെ തുടർന്ന് ട്രക്ക് റോഡിന് മധ്യത്തിൽ നിർത്തിയിട്ടതാണ് ആറ് ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരനും മരിക്കാനിടയാക്കിയ ദാരുണ അപകടത്തിന് കാരണമായത്. റോഡിന് നടുവിൽ നിർത്തിയിട്ട ട്രക്കിലേക്ക് 16 തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബായ് പൊലീസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!