എയർലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്രം മലയാളികളുടെ അഭിമാനബോധത്തെ ചോദ്യം ചെയ്യുന്നു: മന്ത്രി കെ.രാജന്‍
തൃശൂര്‍: ദുരന്തസമയത്തെ എയർലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്രസർക്കാർ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുകയാണെന്ന് റവന്യൂമന്ത്രി കെ.രാജൻ. കേരളം ഇന്ത്യയുടെ ഭാഗമല്ലായെന്ന് കേന്ദ്രം കണക്കാക്കുന്നുണ്ടോ. എയർലിഫ്റ്റിങിന്റെ പണം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കുമെന്നും എന്നാൽ പണം എവിടെ നിന്നാണ് നൽകുകയെന്നും മന്ത്രി ചോദിച്ചു. എസ്ഡിആർഎഫിന്‍റെ മാനദണ്ഡം നോക്കാതെ പണം ചെലവഴിക്കാൻ കേന്ദ്രം അനുമതി നൽകേണ്ടതായിരുന്നു. മലയാളിയുടെ അവകാശമായത് കൊണ്ടാണ് കേന്ദ്രസഹായം നിരന്തരം ചോദിക്കുന്നതെന്നും റവന്യൂമന്ത്രി മീഡിയവണിനോട് പറഞ്ഞു.
കേന്ദ്രസേനയുടെ ഭാഗമായി നൽകിയ സേവനങ്ങൾക്ക് നന്ദി. ആ തുക സഹായത്തിൽ നിന്ന് വെട്ടിക്കുറക്കണമെങ്കിൽ ചർച്ചയാകാം. നിലപാട് കോടതിയെ അറിയിക്കും. ജനങ്ങളുടെ ആശങ്ക വലുതാണ്,അത് പരിഹരിക്കണം. ഏത് ഘട്ടത്തേയും നേരിടാൻ കേരളം തയ്യാറാണ്. കേരളത്തിന് കിട്ടേണ്ടത് കേരളത്തിന്‍റെ അവകാശമാണ്.
കേരളം എവിടെ നിന്ന് എടുത്തുകൊടുക്കും? 132 കോടി കൊടുക്കാനുള്ള ഉത്തരവിറക്കും. കേരളത്തിന് ഇച്ഛാശക്തിയുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുകയാണ് മുഖ്യ പരിഗണന. വയനാടിന്‍റെ സാഹചര്യത്തിൽ ടൗൺഷിപ്പിന് ഭൂമി കണ്ടെത്തുക പ്രയാസമാണ്. 25 സ്ഥലങ്ങൾ ഇതുവരെ കണ്ടു. ഏറ്റവും വേഗത്തിൽ പുനരധിവാസം നടപ്പാക്കും. നമുക്ക് തിരിച്ചുവരാനാകും. മലയാളികളുടെ അവകാശമായതിനാലാണ് കേന്ദ്രത്തോട് സഹായം ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.