കോവിഡ് വാക്സിനേഷൻ : സുരക്ഷാ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് വാക്സീനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കൊവിഡ് വാക്സീനേഷനായി എല്ലാ ജില്ലകളും തയ്യാറാണെന്ന് യോഗം വിലയിരുത്തി. വാക്സിനേഷന് കേന്ദ്രങ്ങളില്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. കുത്തിവയ്പ് കേന്ദ്രങ്ങളിലെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും വേണം. കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. വാക്സിനേഷന് കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്സിനേഷന് ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്സിന് ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
വാക്സിനേഷന് ബോധവത്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കണം. ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
ആദ്യ ദിനം ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്ക് വീതം ആദ്യ ഡോസ് വാക്സിന് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്ബത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന് യാഥാര്‍ത്ഥ്യമാക്കുന്നത്.
സംസ്ഥാനത്തെ കോവിഡ്-19 വാക്സിന് കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്നും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.

