കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു കുറ്റക്കാരന്‍; 18-ന് ശിക്ഷ വിധിക്കും

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആർജെഡി മേധാവി ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ. 139.35 കോടിയുടെ ദൊറാൻഡ ട്രഷറി കേസിലാണിപ്പോൾ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലു കുറ്റക്കാനാണെന്ന് വിധിച്ചിരിക്കുന്നത്. ഈ മാസം 18-ന് ശിക്ഷ വിധിക്കും. തെളിവുകളുടെ അഭാവത്തിൽ കേസിൽ പ്രതികളായ 24 പേരെ കോടതി വെറുതെ വിട്ടു. ഇതിൽ ആറ് സ്ത്രീകളും ഉൾപ്പെടും.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് സിബിഐ 1996 ൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ലാലു പ്രസാദ് യാദവ് അഞ്ച് കേസുകളിലാണ് പ്രതി ചേർക്കപ്പെട്ടിരുന്നത്. ദൊറാൻഡ ട്രഷറിയിൽ നിന്ന് പണം അനധികൃതമായി പിൻവലിച്ച കേസിൽ 170 പ്രതികളാണ് ഉണ്ടായിരുന്നത്. ഏറ്റവും അധികം പണം പിൻവലിച്ചതും ദൊറാൻഡ ട്രഷറിയിൽ നിന്നായിരുന്നു. വിധി പ്രസ്താവ സമയത്ത് ലാലു റാഞ്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായിരുന്നു.
കാലിത്തീറ്റ കുംഭകോണവും ആയി ബന്ധപ്പെട്ട ആദ്യ നാലു കേസുകളിൽ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ആദ്യ നാല് കേസുകളിലെ ശിക്ഷയ്ക്ക് എതിരെ ലാലു പ്രസാദ് യാദവ് നൽകിയ അപ്പീൽ നിലവിൽ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ലാലു ബിഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ, മരുന്നുകൾ, ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകൾ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളിൽ നിന്നായി 940 കോടിയിലേറെ രൂപ പിൻവലിച്ചതായിട്ടാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്

