KSDLIVENEWS

Real news for everyone

മകന് പിന്നാലെ എസ്.പി മുന്‍ എംപി അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു; കൊലപാതകം പൊലീസ് സാന്നിധ്യത്തില്‍

SHARE THIS ON

ലക്നൗ: ഉമേഷ് പാല്‍ കൊലപാതകക്കേസിലെ പ്രതി സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദ് കൊല്ലപ്പെട്ടു. രാത്രി 10.30ഓടെ പ്രയാഗ് രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് നടുറോഡില്‍ വച്ച്‌ വെടിയറ്റത്.

സഹോദരന്‍ അഷ്റഫ് അഹ്മദും കൊല്ലപ്പെട്ടു. പൊലീസ് കൂടെയുണ്ടായിരിക്കെ പുറത്തുനിന്നെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

പൊലീസിനൊപ്പം നടന്നുവരവെ ഇരുവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്ബോഴായിരുന്നു വെടിയേറ്റത്. സംഭവ സ്ഥലത്തു തന്നെ വച്ചു ഇരുവരും മരിച്ചു.പോയിന്റ് ബ്ലാങ്കിലായിരുന്നു വെടിവച്ചത്. തുടര്‍ന്ന് നിലച്ചുവീണെങ്കിലും മരിക്കുംവരെ വെടിവെപ്പ് തുടര്‍ന്നു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് തുടങ്ങവെയായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍‌ പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം മകന്‍ ആസാദ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിനെതിരെ യു.പിയില്‍ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് പിതാവും പിതൃസഹോദരനും കൊല്ലപ്പെടുന്നത്. ഉമേഷ് പാലിനെ വെടിവച്ച്‌ കൊന്ന കേസിലെ പ്രതികളാണ് ഇവര്‍. വ്യാഴാഴ്ച മകനേയും സഹായിയേയുമാണ് യു.പി പൊലീസ് വധിച്ചത്. ഏറ്റുമുട്ടലില്‍ ആണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് യു.പി പൊലീസ് വാദം.

2005ല്‍ ബിഎസ്പി നിയമസഭാംഗം രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്ന ഉമേശ്പാലും രണ്ട് സുരക്ഷാഗാഡുകളും ഫെബ്രുവരി 24ന് പ്രയാഗ് രാജില്‍ വച്ച്‌ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അതീഖ് അഹമ്മദും മകനും ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മകന്‍ ആസാദും പിതാവ് അതീഖും അടക്കം നാല് പേര്‍ കൊല്ലപ്പെടുകയായിരുന്നു. മകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താനും കൊല്ലപ്പെട്ടേക്കാം എന്ന് അതീഖ് അഹമ്മദ് പറഞ്ഞിരുന്നു. പ്രതികള്‍ക്ക് സുരക്ഷയൊരുക്കാത്ത യു.പി പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!