രാഹുലിനെതിരായ ഇ.ഡി. നടപടി രാഷ്ട്രീയാവസരമാക്കി കോൺഗ്രസ്; പുത്തനുണർവായെന്ന് വിലയിരുത്തൽ

കേസിൽ രാഹുൽ ഗാന്ധിക്കും സോണിയാഗാന്ധിക്കും എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസയച്ചതിനെ രാഷ്ട്രീയമായി നേരിട്ട് കോൺഗ്രസ്.
ചോദ്യംചെയ്യലിനെ അവസരമായിക്കണ്ട പാർട്ടി രാജ്യവ്യാപകമായി കേന്ദ്രത്തിനെതിരേ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ കോൺഗ്രസിന്റെ രണ്ടുമുഖ്യമന്ത്രിമാരെയും എ.പി.മാരെയും അണിനിരത്തിയുള്ള ശക്തിപ്രകടനം പാർട്ടിക്ക് പുത്തനുണർവായെന്നാണ് വിലയിരുത്തൽ. പദയാത്രനടത്തിയും പ്രതിഷേധമുദ്രാവാക്യങ്ങൾ വിളിച്ചും മുന്നോട്ടുപോയവരെ ബലംപ്രയോഗിച്ചാണ് നീക്കിയത്. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ പല നേതാക്കൾക്കും പരിക്കേറ്റു. എന്നിട്ടും രാഷ്ട്രീയാവേശത്തിന് കുറവുണ്ടായില്ല. ചോദ്യംചെയ്യലിന്റെ രണ്ടാംദിവസവും പ്രതിഷേധച്ചൂട് കനത്തു. ദേശീയമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ തത്സമയം നിറഞ്ഞു. പ്രവർത്തകരും ആവേശത്തിലായി.
വളരെ നാളുകൾക്കുശേഷമാണ് തലസ്ഥാനനഗരിയിൽ കോൺഗ്രസ് ഒരു അനക്കമുണ്ടാക്കുന്നത്. പ്രതിഷേധം തടയാൻ വൻതോതിൽ പോലീസിനെ ഇറക്കിയപ്പോൾ കേന്ദ്രത്തിനെതിരായ നേർപോരാട്ടം എന്നനിലയിലേക്ക് കാര്യങ്ങൾ മാറി. ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഡൽഹി പോലീസിനെയും ഇതിനായി ഉപയോഗിക്കുന്നുവെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.

