KSDLIVENEWS

Real news for everyone

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് വേണം – ഹൈക്കോടതി

SHARE THIS ON

കൊച്ചി: വീടുകളിൽ വളർത്തുന്ന ഓമനമൃഗങ്ങൾക്കും കന്നുകാലികൾക്കും ഉടമകൾ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ബ്രൂണോ എന്ന വളർത്തുനായയെ അടിച്ചു കൊന്ന സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ്.

ലൈസൻസ് എടുക്കണമെന്ന് വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടൻ നോട്ടീസിറക്കണം. ഇക്കാര്യത്തിൽ സർക്കാർ നിർദേശം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ വേണമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൃഗക്ഷേമ ബോർഡ് പുനഃ സംഘടിപ്പിക്കുമ്പോൾ ജംബോ സമിതി വേണ്ടെന്നും കോടതി നിർദ്ദേശിച്ചു.


പുനഃസംഘടിപ്പിക്കാൻ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാരിനായി ഹാജരായ അഡ്വ. ജയശങ്കർ വി.നായർ അറിയിച്ചു. ബോർഡ് രണ്ടാഴ്ചയ്ക്കുള്ളിൽ പുനഃസംഘടിപ്പിക്കുമെന്നു അഡി. അഡ്വക്കേറ്റ് ജനറൽ അശോക്. എം. ചെറിയാനും വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!