ആബിദ് മോഷണത്തിനിറങ്ങുന്നത് ഫുട്ബോള്‍ കളിക്കാന്‍ എന്ന വ്യാജേന, മോഷണം നടത്തുന്നതിനു പിന്നില്‍ അയാള്‍ക്ക് അതിപ്രധാനമായ ഒരു ലക്ഷ്യമുണ്ടായിരുന്നു

മുവാറ്റുപുഴ: പേഴക്കാപ്പിള്ളി സബൈന്‍ ആശുപത്രിക്ക് സമീപം വാടകവീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ വയനാട് അമ്ബലവയല്‍ വികാസ് കോളനിയില്‍ താന്നിക്കല്‍ വീട്ടില്‍ അബ്ദുല്‍ ആബിദി (27) നെ മുവാറ്റുപുഴ പൊലീസ് തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലാം തീയതി പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശിയായ ഡോക്ടറും കുടുംബവും താമസിക്കുന്ന വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന കുട്ടികളുടെ കഴുത്തില്‍ നിന്ന് മൂന്ന് പവനോളം വരുന്ന രണ്ടു മാല, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ചത്. വിവിധ കേസുകളില്‍ ശിക്ഷ ലഭിച്ച ശേഷം ഈ വര്‍ഷം ജനുവരിയില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി തൊടുപുഴയിലെ വസ്ത്ര വ്യാപാരസ്ഥാപനത്തില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
രാത്രിയില്‍ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാന്‍ എന്ന വ്യാജേന പുറത്തിറങ്ങിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. സ്ഥിരം മോഷ്ടാവായ പ്രതിക്കെതിരെ വയനാട്, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, അമ്ബലവയല്‍, കൊണ്ടോട്ടി, കല്‍പ്പറ്റ, എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചയ്ക്ക് കേസുണ്ട്. കാമുകിമാര്‍ക്ക് ഗിഫ്റ്റ് വാങ്ങി നല്‍കുന്നതിലും ആഡംബരജീവിതം നയിക്കുന്നതിനും വേണ്ടിയാണ് പ്രതി മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ താമസസ്ഥലത്തു നിന്ന് 15 ആഡംബര മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്, ടാബ്ലറ്റ് തുടങ്ങിയവ കണ്ടെടുത്തു. മുവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ സി.ജെ. മാര്‍ട്ടിന്‍, എസ്.ഐ. വി.കെ. ശശികുമാര്‍, എ.എസ്.ഐ രാജേഷ് സി.എം, ജയകുമാര്‍ പി.സി, സി.പി. ബിബില്‍ മോഹന്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

