ഡിജിറ്റല്‍ ഇന്ത്യയില്‍ 5ജി വിപ്ലവം ഉടന്‍; വന്‍ വാഗ്ദാനങ്ങളുമായി മോദി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി സേവനങ്ങളുടെ വരവ് ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയുള്‍പ്പടെ എല്ലാ മേഖലകളിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി 5 ജി സേവനങ്ങള്‍ സാധ്യമാകുന്നതോടെ രാജ്യം പുതിയൊരു തലത്തിലേക്ക് കുതിക്കുമെന്നും വ്യക്തമാക്കി.
‘5G, അര്‍ദ്ധചാലകം (5G, semiconductor) , ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (OFCs) എന്നിവ ഗ്രാമങ്ങളിലും നിര്‍മിക്കാനാണ് തീരുമാനം. ഇതോടെ രാജ്യത്തിന്‍റെ താഴെത്തട്ടില്‍ വരെ ഡിജിറ്റല്‍ വിപ്ലവം സാധ്യമാകും. ഇതിലൂടെ പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം, ജനജീവിതം എന്നീ മൂന്ന് കാര്യങ്ങളില്‍ വലിയ പുരോഗതിയാകും ഉണ്ടാവുക. ഇന്ത്യയുടെ വ്യവസായിക വളര്‍ച്ചക്കും 5ജി പ്രയോജനം ചെയ്യും’; പ്രധാനമന്ത്രി പറഞ്ഞു.
വ്യവസായിക മേഖലയില്‍ വന്‍കിട കമ്ബനികള്‍ മാത്രമല്ല സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്‌എംഇ), വഴിയോര കച്ചവടക്കാര്‍, സംഘടിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരും ശക്തിപ്പെടേണ്ടതുണ്ട്. 5ജി സേവനങ്ങളിലൂടെ ഈ മേഖലയിലുള്ളവരും താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 5ജി സേവനങ്ങള്‍ എന്നെത്തും എന്നത് സംബന്ധിച്ച് ഏറെ നാളായി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

