സ്വാതന്ത്ര്യ ദിനാഘോഷം; മുഖ്യമന്ത്രി പതാക ഉയര്‍ത്തി, സംസ്ഥാനത്ത് വര്‍ണാഭമായ ആഘോഷം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷം. രാവിലെ ഒമ്ബത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സെൻട്രല്‍ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ജില്ലകളില്‍ വിവിധ മന്ത്രിമാരും ദേശീയപതാക ഉയര്‍ത്തി. അതേസമയം, കേരളത്തിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊളോണിയല്‍ ഭരണത്തിനെതിരെ ധീര രക്തസാക്ഷികള്‍ അടക്കം അനേകം ദേശാഭിമാനികള്‍ ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന തരത്തില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതി. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

