ജില്ലാ കലക്ടര്‍ തയ്യാറാക്കിയ വിവിധ പദ്ധതികള്‍ക്ക് പച്ചക്കൊടി; ജില്ലയുടെ ടൂറിസം വികസനത്തിലൂന്നിയുള്ള പദ്ധതികള്‍ക്ക് ചിറക് മുളക്കുന്നു

കാസര്‍കോട്: ടൂറിസത്തിലൂന്നിയ വികസനത്തിലൂടെ കാസര്‍കോടിന്റെ വളര്‍ച്ച സ്വപ്‌നം കണ്ട് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു തയ്യാറാക്കിയ വിവിധ പദ്ധതികള്‍ക്ക് ചിറക് മുളക്കുന്നു. ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച ഒട്ടുമിക്ക പദ്ധതികള്‍ക്കും സര്‍ക്കാരിന്റെയും മറ്റും പച്ചക്കൊടി ലഭിച്ചു കഴിഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിവിധ പദ്ധതികള്‍ കൃത്യമായ പഠനത്തിലൂടെ തയ്യാറാക്കി ജില്ലാ കലക്ടര്‍ സര്‍ക്കാരിനും വിവിധ ഏജന്‍സികള്‍ക്കും സമര്‍പ്പിക്കുകയായിരുന്നു.
ബേക്കല്‍ ഫോര്‍ട്ടിന് സമീപം മികച്ച നിലവാരത്തിലുള്ള ‘കഫേഡേ ബേക്കല്‍’ പദ്ധതിയാണ് ഇതിലൊന്ന്. അണങ്കൂരില്‍ നൈറ്റ് സ്ട്രീറ്റ് ഫുഡ് പ്രൊജക്ട് സംബന്ധിച്ചും പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. കുടുംബങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ വൈവിധ്യമായ ഭക്ഷണം ഒരുക്കുകയും വിവിധ കലാ രൂപങ്ങള്‍ ഒരുക്കുകയും നഗരത്തെ സജീവമായി
നില നിർത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാത്രി നേരത്തെ ഉറങ്ങുന്ന കാസര്‍കോടിനെ ഉണര്‍ത്തുന്നതിനും രാത്രി കാലങ്ങളെ സജീവമാക്കുന്നതിനും ലക്ഷ്യം വെച്ച് ‘നൈറ്റ് ലൈഫ്’ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. കാസര്‍കോട് നഗരത്തിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതെങ്കിലും നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ളൈ ഓവറിന്റെ കീഴില്‍ നൈറ്റ് ലൈഫ് പ്രൊജക്ട് കൊണ്ടുവരാനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇതിന് സമയം വേണ്ടി വന്നേക്കും. ഓപ്പര്‍ എയര്‍ തിയേറ്റര്‍, മൊബൈല്‍ ഫുഡ് ഹബ്ബ്, സ്ട്രീറ്റ് മാര്‍ക്കറ്റ്, ഗെയിംസോണ്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, നൈറ്റ് വാക്ക് വേ, പാര്‍ക്കിംഗ് ഹബ്ബ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നൈറ്റ് ലൈഫ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
കോട്ടപ്പുറം കേന്ദ്രീകരിച്ച് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഹൗസ് ബോട്ട് ടെര്‍മിനല്‍ ജില്ലയുടെ വികസന മുന്നേറ്റത്തിന് വഴിവെക്കുമെന്നും പ്രൊജക്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രാഥമിക തുടക്കം കുറിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോട്ടപ്പുറം-വലിയപറമ്പ് പ്രദേശത്തെ ഹൗസ് ബോട്ട് ടൂറിസം വളര്‍ത്തിക്കൊണ്ടുവരികയും ഇതിന് ഉതകുന്ന തരത്തില്‍ മനോഹരമായ ടെര്‍മിനല്‍ സ്ഥാപിക്കുകയും ചെയ്യും. റിസപ്ഷന്‍, വെയിറ്റിംഗ് ലോഞ്ച്, സോവനീര്‍ ഷോപ്പ്, സര്‍വ്വീസ് കൗണ്ടേര്‍സ്, റസ്റ്റോറന്റ് ആന്റ് ക്വിക്ക് ബൈറ്റ് കൗണ്ടറുകള്‍, പാര്‍ക്കിംഗ് ബെ, ബയോ ടോയ്‌ലെറ്റ്, ക്ലോക്ക് റൂം തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പൊസടിഗുംപെ വികസന പ്രൊജക്ടും ഫോര്‍ട്ട് സര്‍ക്യൂട്ട് പ്രൊജക്ടും ജില്ലയുടെ ടൂറിസം വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവുകയും അതുവഴി കാസര്‍കോട് ജില്ലയുടെ വളര്‍ച്ചയ്ക്ക് വഴി വെക്കുകയും ചെയ്യുന്ന പദ്ധതികളാണെന്ന് ഡോ.ഡി. സജിത്ബാബു പറഞ്ഞു. നിര്‍മ്മാണം പുരോഗമിക്കുന്ന നീലേശ്വരം-പള്ളിക്കര റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് കീഴിലായി മാനവീയം മോഡല്‍ വിംഗ് റോഡ് സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കി. പദ്ധതികളില്‍ ഒന്നായ പാണാര്‍ക്കുളം കാസര്‍കോട് കഫെ പ്രൊജക്ട് പദ്ധതി ഏതാനും മാസങ്ങള്‍ക്കകം പൂര്‍ത്തീകരിച്ച് ഈയിടെ നാടിന് സമര്‍പ്പിച്ചു കഴിഞ്ഞു.

