ലൈഫ് മിഷൻ ഭവന പദ്ധതി; ബെണ്ടിച്ചാൽ മൊട്ടയിലിലെ പാർപ്പിട സമുച്ചയ നിർമാണം നാല് മാസത്തിനുള്ളിൽ

ചട്ടഞ്ചാൽ ∙ ലൈഫ് ഭവനപദ്ധതിയിൽ ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാൽ മൊട്ടയിൽ നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ നിർമാണം 4 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ. പണി പാതിവഴിയിൽ നിലച്ചതിനെ തുടർന്ന് ലൈഫ് മിഷൻ ചീഫ് എൻജിനീയർ വിളിച്ച യോഗത്തിലാണ് കരാർ കമ്പനി പ്രതിനിധികൾ ഉറപ്പു നൽകിയത്.മാസങ്ങളായി നിലച്ചിരുന്ന പണി ഇതിന്റെ അടിസ്ഥാനത്തിൽ പുനരാരംഭിക്കുകയും ചെയ്തു. പാർപ്പിട സമുച്ചയത്തിന്റെ പണി അനന്തമായി നീളുന്നതിനെക്കുറിച്ചു മെട്രോ മനോരമ നൽകിയ വാർത്തയോടു പ്രതികരിക്കുകയായിരുന്നു അധികൃതർ.
2020 ഫെബ്രുവരിയിൽ നിർമാണം തുടങ്ങിയെങ്കിലും 2 മാസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. 6 മാസം കൊണ്ട് പണി പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് എൽജിഎസ്എഫ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചത്. പക്ഷേ ഇതിനു വിപരീതമായിട്ടാണ് പണി അനിശ്ചിതമായി നീണ്ടുപോകുന്നത്.

