KSDLIVENEWS

Real news for everyone

മദ്യപിച്ചെന്ന പേരിൽ എസ്ഐയ്‌ക്കെതിരെ സിഐ എടുത്തത് കള്ളക്കേസ്; സമ്മതിച്ച് പൊലീസ്

SHARE THIS ON

തൃശൂർ: ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍.ആമോദിനെതിരെ കേസ് റജിസ്റ്റർ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് പൊലീസ്. ഇതിനു പിന്നാലെ കേസ് പിൻവലിക്കണമെന്ന അപേക്ഷയുമായി പൊലീസ് കോടതിയെ സമീപിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് എസ്ഐയ്‌ക്കെതിരെ നെടുപുഴ സിഐ ടി.ജി.ദിലീപ്കുമാർ കേസെടുത്തത്. ഇത് കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ലാ സ്പെഷൽ ബ്രാഞ്ചുകൾ റിപ്പോർട്ട് നൽകിയിരുന്നു. എസ്ഐ മദ്യപിക്കുന്നത് കണ്ടില്ലെന്ന് സിഐയുടെ ഡ്രൈവര്‍ തന്നെ മൊഴി നല്‍കിയിരുന്നു. ആമോദിനെ കസ്റ്റഡിയിലെടുത്തത് പൊതുസ്ഥലത്തുനിന്നല്ല. പരിശോധനയിലും മദ്യാംശം കണ്ടെത്തിയിരുന്നില്ല. സഹപ്രവർത്തകയെ കുത്തിക്കൊന്നു, മുഖത്ത് ആസിഡ് ഒഴിച്ചു സിപിഎം അനുകൂല പാനലില്‍ പൊലീസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ജയിച്ചയാളാണ് എസ്ഐ ടി.ആര്‍. ആമോദ്. രാഷ്ട്രീയ വൈരാഗ്യമാണ് കള്ളക്കേസിനു പിന്നില്ലെന്ന് പൊലീസിനുള്ളില്‍ത്തന്നെ ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 31ന് തൃശൂര്‍ വടൂക്കരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അവധിയിലായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്ഐയായ ടി.ആര്‍.ആമോദ് വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനാണ് വൈകിട്ട് കടയിൽ പോയത്. ഇതിനിടെ സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്നു. വഴിയരികില്‍ ഫോണിൽ സംസാരിച്ചു നില്‍ക്കുമ്പോഴാണ് നെടുപുഴ സിഐ ടി.ജി.ദിലീപ്കുമാർ സ്ഥലത്തെത്തിയത്. മദ്യപിക്കാനാണോ വന്നതെന്ന് സിഐ, ആമോദിനോടു ചോദിച്ചു. കടയിലേക്കു വന്നതാണെന്നു മറുപടി നൽകിയെങ്കിലും സിഐ അത് മുഖവിലയ്‌ക്കെടുത്തില്ല. ജീപ്പില്‍നിന്നു പുറത്തിറങ്ങിയ സിഐ തൊട്ടടുത്ത മരക്കമ്പനിക്കുള്ളിൽ പോയി തിരച്ചില്‍ നടത്തി. അവിടെനിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ഇത് എസ്ഐ കഴിച്ചതാണെന്ന് ആരോപിച്ച് ആമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും, മദ്യത്തിന്റെ മണമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തുടർന്ന് രക്ത സാംപിള്‍ എടുപ്പിച്ച ശേഷ, പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കേസിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. ആമോദിനെ സസ്പെൻഡ് ചെയ്തതോടെ അദ്ദേഹത്തിന്റെ കുടുംബം പരാതി നൽകി. കേസ് കള്ളമാണെന്നു പിറ്റേന്നുതന്നെ സംസ്ഥാന ഇന്റലിജന്‍സും കമ്മിഷണറുടെ സ്പെഷല്‍ ബ്രാഞ്ച് എസിപിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും ആ റിപ്പോര്‍ട്ടുകള്‍ കമ്മിഷണര്‍ മുഖവിലയ്ക്കെടുത്തില്ല. പകരം, തൃശൂര്‍ എസിപിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി അനുകൂലമായ റിപ്പോര്‍ട്ടും വാങ്ങി. ഇതിനിടെ എസ്ഐ പരാതിയുമായി രംഗത്തെത്തിയതോടെ സിഐയ്‌ക്കെതിരെ അന്വേഷണം തുടങ്ങി. പൊതുസ്ഥലത്തു മദ്യപിച്ചെന്ന് കാട്ടി സിഐ അറസ്റ്റ് ചെയ്ത എസ്ഐ മദ്യപിച്ചിട്ടില്ലെന്ന രക്തപരിശോധന ഫലമായിരുന്നു നിര്‍ണായക തെളിവ്. ഇതിനു പിന്നാലെയാണ് കേസെടുത്തത് തെറ്റായിപ്പോയെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നത്. അതേസമയം, കള്ളക്കേസില്‍ നടപടിയെന്ത് എന്ന മറുചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!