ഹിന്ദു തീവ്രവര്‍ഗീയവാദത്തോടും ഇസ്ലാമിക മതമൗലിക വാദത്തോടും യുഡിഎഫ് സന്ധി ചെയ്തു-എ.വിജയരാഘവന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനെ പ്രദേശികതയ്ക്കപ്പുറത്തേക്കുള്ള രാഷ്ട്രീയതലത്തിലേക്ക് ഉയർത്താൻ ഇടതുമുന്നണി പരിശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവൻ. രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങൾക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഹിന്ദു തീവ്ര വർഗ്ഗീയ വാദത്തോടും ഇസ്ലാമിക മതമൗലിക വാദത്തോടും യുഡിഎഫ് സന്ധി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാ കാലത്തും ഇടതുപക്ഷ സർക്കാരുകൾക്കെതിരെ വ്യാജപ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. പിശക് ആരുടെ ഭാഗത്ത് നിന്ന് വന്നാലും കർക്കശ്യമുള്ള നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി യുഡിഎഫ് തോൽക്കുമെന്നും എൽഡിഎഫ് ജയിക്കുമെന്നും ഉറപ്പാണ്.
സമൂഹത്തിന് നിരക്കാത്തതൊന്നും ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ജനങ്ങളുടെ മുന്നിൽ വ്യക്തമാക്കിയതാണ്. ജനങ്ങൾക്ക് അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു ഭരണ സംവിധാനത്തിനകത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാം”. അക്കാര്യങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നതാണ് വിലയിരുത്തപ്പെടുന്നതെന്നും വിജയരാഘവൻ പ്രതികരിച്ചു.

