പ്രതിഷേധത്തിൽ നിന്ന് മരണത്തിലേക്ക് ; കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത് മടങ്ങിയ നാലുപേര്‍ അപകടങ്ങളില്‍ മരിച്ചു; ഒരാള്‍ ഹൃദയാഘാതം മൂലവും

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്ത് സ്വദേശത്തേക്ക് മടങ്ങിയ നാല് കർഷകർ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു. ഡൽഹി അതിർത്തിയിലാണ് രണ്ട് അപകടങ്ങളും നടന്നത്. ഒരു കർഷകൻ ഹൃദയാഘാതം മൂലവും ഡൽഹിയിൽ മരിച്ചു. മരിച്ച അഞ്ചു കർഷകരുടെയും കുടുംബാംഗങ്ങൾക്ക് പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
ഹരിയാനയിലെ ഹർണാൻ ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ആണ് ആദ്യ അപകടം നടന്നത്. കർഷകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ തരോരി മേൽപ്പാലത്തിൽവെച്ച് ലോറിയിൽ ഇടിക്കുകയായിരുന്നു. ലഭ് സിങ് (24), ഗുർപ്രീത് സിങ് (50) എന്നിവരാണ് മരിച്ചത്. പട്യാലയിലെ സഫേറി സ്വദേശികളാണ്. മറ്റൊരു കർഷകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മൊഹാലിയിലെ ഭഗോമജ്രയിലാണ് രണ്ടാമത്തെ അപകടം നടന്നത്. മോഹാലി സ്വദേശിയായ സഖ്ദേവ് സിങ്, ഫത്തേഗഢ് സാഹിബ് സ്വദേശിയായ ദീപ് സിങ് എന്നിവരാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
കർഷക സമരത്തിൽ പങ്കെടുക്കുന്നതിനിടെ മോഗ സ്വദേശിയായ മഖൻ ഖാൻ ആണ് ഡൽഹിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
അഞ്ച് കർഷകരുടെയും മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം ൽകുമെന്നും പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

