ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് നൂറുകോടി

ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് നൂറുകോടി, പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടി, പ്രവാസി പെൻഷനിൽ വർധന, പ്രവാസി ഡിവിഡന്റ് സ്കീമിലെ നിക്ഷേപത്തിന് പത്തുശതമാനം പലിശ എന്നീ വാഗ്ദാനങ്ങളാണ് പ്രവാസികൾക്കായി സംസ്ഥാന ബജറ്റിലുള്ളത്. പ്രവാസി പുനരധിവാസത്തിന് മൂർത്തമായ പദ്ധതികൾ കാര്യമായില്ലെങ്കിലും അവരുടെ വൈദഗ്ധ്യം പരിഗണിക്കാനും പുതിയ കാലത്തിന് അനുസരിച്ച് സജ്ജരാക്കാനും ബജറ്റിൽ നിർദേശമുണ്ട്.
ജൂലായിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കും. മടങ്ങിവന്നവരുടെയും വരാൻ താത്പര്യപ്പെടുന്നവരുടെയും പേര് വിവരങ്ങൾ പ്രാദേശികമായി തയ്യാറാക്കി ക്രോഡീകരിച്ച് അവ ജില്ലാ അടിസ്ഥാനത്തിലുള്ള കർമപരിപാടിയായി മാറ്റും. അഭ്യസ്ത വിദ്യരുടെ ഡിജിറ്റൽ തൊഴിൽപദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണനശൃംഖല എന്നീ നാല് പദ്ധതികളിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് മുൻഗണന നൽകുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു. താത്പര്യപ്പെടുന്നവർക്ക് നൈപുണി പരിശീലനം നൽകി വീണ്ടും വിദേശത്തേക്ക് പോകാനുള്ള സഹായവും സർക്കാർ ലഭ്യമാക്കും. ഈ ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കായി നൂറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കിയശേഷം 2021 അവസാനം മൂന്നാംലോക കേരളസഭയും സമ്മേളിക്കും. പ്രവാസിക്ഷേമനിധിക്ക് ഒമ്പതുകോടി രൂപ വകയിരുത്തുന്നതാണ് മറ്റൊരു നിർദേശം. ക്ഷേമനിധിയിലേക്കുള്ള അംശദായം 350 രൂപയായും അവരുടെ പെൻഷൻ 3500 രൂപയായും ഉയർത്തും. നാട്ടിൽ തിരിച്ചെത്തിയവരുടെ ക്ഷേമനിധി വിഹിതം 200 രൂപയായും പെൻഷൻ മൂവായിരം രൂപയായും വർധിപ്പിച്ചിട്ടുണ്ട്. കിഫ്ബി ബോണ്ടുകളിലേക്കാണ് പ്രവാസി ഡിവിഡന്റ് സ്കീമിലുള്ള പ്രവാസി നിക്ഷേപം പോകുന്നത്. കിഫ്ബി പലിശ നിരക്ക് കുറച്ചെങ്കിലും ഈ നിക്ഷേപങ്ങൾക്ക് പത്തുശതമാനം തന്നെ ലഭിക്കും.

