KSDLIVENEWS

Real news for everyone

വാക്‌സിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് കോണ്‍ഗ്രസ്; അവര്‍ക്ക് താത്പര്യങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി

SHARE THIS ON

ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ സർക്കാറിന്റെ വാക്സിനേഷൻ യജ്ഞവുമായി ബന്ധപ്പെട്ട് കോൺഗ്രസും കേന്ദ്ര സർക്കാരും തമ്മിൽ വാക്പോര്. വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ആരോഗ്യ മന്ത്രി ഹർഷ്വർദ്ധനും ട്വിറ്ററിൽ നേർക്കുനേർ വാഗ്വാദത്തിലേർപ്പെട്ടു

വാക്സിൻ വിശ്വസനീയതയും ഫലപ്രാപ്തിയും ഉള്ളതാണെങ്കിൽ, ഒരു സർക്കാർ പ്രതിനിധി പോലും വാക്സിൻ കുത്തിവെപ്പെടുക്കാൻ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് മനീഷ് തിവാരി ചോദിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സർക്കാർ പ്രതിനിധികളാണ് ആദ്യം വാക്സിൻ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കോവാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി ഡോക്ടർമാർ ആപൽസൂചനകളും മുന്നണറിയിപ്പുകളും നൽകിയിട്ടുണ്ട്. ഏത് വാക്സിൻ കുത്തിവെക്കണമെന്ന് ജനങ്ങൾ തീരുമാനിക്കാനാകില്ലെന്നാണ് സർക്കാർ പറയുന്നത്. ഇത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്.’ തിവാരി പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ ഫലപ്രാപ്തിയിൽ നേരത്തെയും മനീഷ് തിവാരി സംശയം ഉന്നയിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കാതെ തിടുക്കപ്പെട്ടാണ് സർക്കാർ കോവാക്സിൻ അനുമതി നൽകിയത് എന്നാണ് അദ്ദേഹം പങ്കുവെക്കുന്ന ആശങ്ക.

ഇന്ന് വാക്സിനേഷന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചു. ‘വാക്സിനുകൾക്ക് ശരിയായ ഫലപ്രാപ്തിയുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് നമ്മുടെ ഗവേഷകർ വാക്സിന്റ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.’ വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ ചാൾസ് കാലേബ് കോൾട്ടൻറെ വാക്കുകൾ കടമെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്വർദ്ധൻ ട്വിറ്ററിൽ മനീഷ് തിവാരിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ‘രക്ഷിക്കപ്പെടുന്നതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന നമ്മുടെ താത്പര്യത്താൽ നാം അന്ധരാണ്.’ ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ‘കോൺഗ്രസിനും മനീഷ് തിവാരിക്കും അവിശ്വാസങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിൽ താത്പര്യങ്ങളുണ്ട്. നിങ്ങളുടെ കണ്ണുകൾ തുറക്കുക, പ്രശസ്ത ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരും കുത്തിവെപ്പെടുക്കുന്ന ചിത്രങ്ങൾ കാണുക.’ ഹർഷ്വർദ്ധൻ വ്യക്തമാക്കി.

ട്വിറ്ററിലൂടെ തന്നെ മനീഷ് തിവാരി ഇതിന് മറുപടി നൽകി. ‘ഞാൻ പങ്കുവെച്ച ആശങ്കകൾ യാഥാർത്ഥ്യമാണ്. സങ്കൽപ്പിച്ചെടുത്തതല്ല. കിംവദന്തി പറഞ്ഞ് ഭയപ്പെടുത്തുകയല്ല. എന്താണ് നോർവെയിൽ സംഭവിക്കുന്നതെന്ന് നോക്കൂ. അത് വ്യത്യസ്ത വാക്സിനാകാം. എന്നാലും വാക്സിൻ ദേശീയതയ്ക്ക് പിന്നിൽ ഒളിപ്പിക്കരുത്.’ തിവാരി പറഞ്ഞു

വാക്സിനുകൾക്ക് പിന്നിലെ ശാസ്ത്രം ദൃഢതയാർന്നതാണെന്ന് ഹർഷ്വർദ്ധൻ ഇതിനോട് പ്രതികരിച്ചു. ഒരു വാക്സിൻ വികസിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് നമ്മുടെ ശാസ്ത്രജ്ഞർ മിന്നൽവേഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, ഒരു പ്രവർത്തനം പോലും ഒഴിവാക്കിയിട്ടില്ല. എല്ലാറ്റിനുമുപരിയായി സുരക്ഷയാണ് മാർഗ്ഗനിർദ്ദേശ തത്വമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

താങ്കളുടെ വാക്കുകൾ താൻ വ്യക്തിപരമായി അംഗീകരിക്കുന്നുവെന്നും എന്നാൽ, കോവാക്സിന്റെ സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ ഇത്രയധികം ഭിന്നത എന്തുകൊണ്ടാണെന്നും തിവാരി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!