രാജ്യത്ത് ആദ്യദിനം വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 1.91 ലക്ഷം പേര്‍, കേരളത്തില്‍ 8,062 പേര്‍

ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിക്കെതിരായി രാജ്യത്ത് തുടക്കം കുറിച്ച പ്രതിരോധമരുന്നു കുത്തിവെപ്പ് യജ്ഞത്തിൽ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേർ. ഡൽഹി എംയിംസ് ആശുപത്രിയിൽ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്സിൻ നൽകിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചത്. കേരളത്തിൽ 8,062 പേർ വാക്സിൻ സ്വീകരിച്ചു
രാജ്യവ്യാപകമായി ആദ്യ ദിനം മൂന്ന് ലക്ഷം പേർക്കാണ് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നതെങ്കിലും 1.91 ലക്ഷം പേർക്കാണ് കുത്തിവെപ്പെടുക്കാനായത്. വാക്സിനെടുക്കുന്നതിൽ ആളുകൾക്കുള്ള കാര്യമായ മടിയാണ് എണ്ണം കുറഞ്ഞതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേ സമയം വാക്സിനേഷൻ ആദ്യദിനം വിജയകരമായിരുന്നു. വാക്സിൻ എടുത്ത ശേഷം ആരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. കോവിൻ ആപ്പിൽ ചെറിയ തകരാറുകളുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പതിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് അംഗീകാരം ലഭിച്ച കോവിഷീൽഡ് വാക്സിനും കോവാക്സിനും വിതരണം ചെയ്തത്. മറ്റു സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു വാക്സിൻ മാത്രമാണ് വിതരണം ചെയ്തത്. കേരളത്തിൽ കോവിഷീൽഡാണ് കുത്തിവെച്ചത്. അസം, ബിഹാർ, ഹരിയാണ, കർണാടക, ഒഡീഷ, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് വാക്സിനുകളും കുത്തിവെച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത് പാലക്കാട് ജില്ലയിലാണ്. 857 പേർ കുത്തിവെപ്പെടുത്തു. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് രാജ്യത്ത് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത്.

