ഭാരവാഹികളെ പ്രഖ്യാപിക്കാനുറച്ച് കെ.പി.സി.സി.; എതിർത്ത് എ വിഭാഗം, അരസമ്മതത്തിൽ ഐ

തിരുവനന്തപുരം:കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന നിലപാട് കെ.പി.സി.സി. നേതൃത്വം കടുപ്പിച്ചു. പ്രസിഡന്റ് നിർബന്ധം പിടിച്ചാൽ പുനഃസംഘടനയോട് സഹകരിക്കാമെന്ന അരസമ്മതത്തിലാണ് ഐ ഗ്രൂപ്പ്. എന്നാൽ, എ ഗ്രൂപ്പ് അത്രത്തോളം വഴങ്ങിയിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് മതിയെന്ന നിലപാടിലാണ് എ നേതൃത്വം. ഇതോടെ കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച് നേതൃത്വം അനിശ്ചിതത്വത്തിലാണ്.
പുനഃസംഘടന സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ. സുധാകരനും തമ്മിൽ ചർച്ചനടന്നു. എ, ഐ ഗ്രൂപ്പ് നേതൃത്വവുമായി ഇരുവിഭാഗവും സമ്പർക്കം പുലർത്തിവരികയാണ്. എ.ഐ.സി.സി. ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 16-നും മേയ് 31-നുമിടയിൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ബൂത്ത് മുതൽ ബ്ലോക്ക് കമ്മിറ്റിവരെ തിരഞ്ഞെടുപ്പ് കഴിയണം. നിലവിൽ ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ നിയമിക്കാനാണ് പാർട്ടിയിൽ ചർച്ചനടക്കുന്നത്.
ഇപ്പോൾ നാമനിർദേശം നടത്തിയാൽ ഒന്നര മാസത്തിനുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് എ ഗ്രൂപ്പ് ഉയർത്തുന്നത്. നിലവിലെ ഭാരവാഹികളെ അംഗീകരിക്കുന്ന നിലയിൽ സാങ്കേതികമായുള്ള തിരഞ്ഞെടുപ്പേ നടക്കൂവെന്നാണ് എ ഗ്രൂപ്പ് പറയുന്നത്.
അവസാനം നടന്ന പാർട്ടി പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകൾ പകുതിവീതം സ്ഥാനങ്ങൾ പങ്കിട്ടെടുക്കുകയായിരുന്നു. പാർട്ടി ഘടനയിൽ എ ഗ്രൂപ്പിനുള്ള നിർണായക സ്വാധീനം പുതിയ പുനഃസംഘടനയിൽ ലഭിക്കണമെന്നില്ല. ഇതും എ നേതൃത്വത്തിന്റെ എതിർപ്പിന് കാരണമാകുന്നു.
കെ. സുധാകരനുമായുള്ള ബന്ധം പുനഃസ്ഥാപിച്ചുവരുന്ന ഐ ഗ്രൂപ്പാകട്ടെ കെ.പി.സി.സി. പുനഃസംഘടനയോട് നിസ്സഹകരിക്കേണ്ടെന്ന നിലപാടിലാണ്. ഇതിനിടെ എ ഗ്രൂപ്പിനെ അനുനയിപ്പിക്കാനുള്ള ശ്രമവും കെ.പി.സി.സി. നേതൃത്വം നടത്തിവരുന്നു. ഡി.സി.സി., ബ്ലോക്ക് തലത്തിലേക്ക് ഗ്രൂപ്പടിസ്ഥാനത്തിൽ നൽകേണ്ട പട്ടിക എയും ഐയും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, ഭാരവാഹികളുടെ എണ്ണം ഗണ്യമായി കുറയുമെന്നതിനാൽ കൂടുതൽ ചർച്ച വേണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.
റിട്ടേണിങ് ഓഫീസർ കർണാടകയിൽനിന്നുള്ള ജി. പരമേശ്വര ഈയാഴ്ച അവസാനം കേരളത്തിലെത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ അദ്ദേഹത്തിന്റെ വരവ് ഏതാനും ദിവസംകൂടി നീളാനും സാധ്യതയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കടുത്ത മത്സരം ഹൈക്കമാൻഡും ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ പുനഃസംഘടന ഇപ്പോൾ നടന്നാൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെയും അവർ തന്നെ തുടരുന്ന സാഹചര്യമാകും ഉണ്ടാകുക.
കെ.പി.സി.സി. എക്സിക്യുട്ടീവ് 18-ന്
പുനഃസംഘടനാ ചർച്ചയ്ക്കിടെ കെ.പി.സി.സി. എക്സിക്യുട്ടീവ് വെള്ളിയാഴ്ച ചേരും. സംഘടനാ തിരഞ്ഞെടുപ്പ്, സർക്കാരിനെതിരേയുള്ള പ്രതിഷേധം തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ

