KSDLIVENEWS

Real news for everyone

സ്ത്രീ അധിക്ഷേപ പരാതി അന്വേഷിക്കാൻ സി.പി.എമ്മിൽ സ്ഥിരംസമിതി

SHARE THIS ON

തിരുവനന്തപുരം:ഗാർഹികപീഡനം, സ്ത്രീ അധിക്ഷേപങ്ങൾ തുടങ്ങിയ പരാതികൾ പാർട്ടി അംഗങ്ങൾക്കെതിരേ ഉണ്ടായാൽ അത് ഗൗരവമായി പരിഗണിക്കാനൊരുങ്ങി സി.പി.എം. ഇതിനായി, സ്ത്രീ അധിക്ഷേപ പരാതി അന്വേഷിക്കാൻ സ്ഥിരംസമിതി എല്ലാ പാർട്ടിഘടകത്തിലും രൂപവത്കരിക്കാൻ തീരുമാനമായി.

സമിതി എങ്ങനെയാകുമെന്നതിൽ വ്യക്തത വന്നിട്ടില്ല. മേൽഘടകത്തിന്റെ പ്രതിനിധികൂടി ഉൾപ്പെടുന്നതോ മേൽഘടക മേൽനോട്ടച്ചുമതലയുള്ളതോ വിധത്തിലായിരിക്കും പാർട്ടിയിലേക്ക് സ്ത്രീ കേഡർമാരെ കൊണ്ടുവരുന്നതിനൊപ്പം അംഗങ്ങളിൽ സ്ത്രീപക്ഷ നിലപാട് വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതോടൊപ്പം, പാർട്ടിക്കാർക്കെതിരേയുള്ള സ്ത്രീ അധിക്ഷേപ പരാതി ഗൗരവമായി പരിശോധിക്കണമെന്നും കഴിഞ്ഞ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു.


പാർട്ടി അംഗങ്ങൾക്കെതിരേ പരാതി ഉണ്ടായാൽ അതിൽ അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കുന്ന രീതിയാണ് സി.പി.എമ്മിനുള്ളത്. ബ്രാഞ്ചുമുതൽ കേന്ദ്രകമ്മിറ്റിവരെയുള്ള ഓരോ ഘടകത്തിലെയും അംഗങ്ങൾക്ക് ഈ പരിശോധന ബാധകമാണ്. കമ്മിഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടികളും സ്വീകരിക്കാറുള്ളത്. എന്നാൽ, പതിവ് രീതിക്ക് അപ്പുറത്തേക്കുള്ള പരിഗണന സ്ത്രീകളുടെ പരാതികളിൽ ഉണ്ടാകണമെന്നതാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്.

ഗാർഹികപീഡനം, ലൈംഗികാതിക്രമം എന്നിവയെല്ലാം അച്ചടക്ക നടപടികൾക്കുള്ള കുറ്റകൃത്യമായി പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ പാർട്ടി കോൺഗ്രസിലായിരിക്കും ഈ ഭേദഗതി കൊണ്ടുവരുക. ഇതിനുപുറമേയാണ് പാർട്ടിഘടകങ്ങളിൽ സ്ഥിരം അന്വേഷണസമിതി രൂപവത്കരിക്കാൻ നിർദേശിച്ചിട്ടുള്ളത്.


സംസ്ഥാനത്ത് പാർട്ടി നേതൃതലത്തിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ സി.പി.എം. തീരുമാനിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിൽ ഒരു വനിതാ അംഗത്തെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ കൊണ്ടുവന്നത് ഈ സമ്മേളനകാലത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!