എപി അബ്ദുല്‍ വഹാബിനെതിരെ നടപടിയെടുക്കണമെന്ന് ഐഎന്‍എല്‍ അഡ്‌ഹോക് കമ്മിറ്റി

ഐഎന്‍എല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബിനെതിരെ നടപടിയെടുക്കണമെന്ന് അഡ്‌ഹോക് കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇക്കാര്യം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായ അഡ്‌ഹോക്ക് കമ്മിറ്റി കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടും. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്താവര്‍ക്ക് ഐന്‍എല്ലില്‍ തുടരാനാവില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ വിളിച്ച് മുന്നോട്ടുപോകാനാണ് അബ്ദുല്‍ വഹാബിന്റെ തീരുമാനം.
ഐ.എന്‍.എല്‍ എന്ന പേരില്‍ തന്നെ പാര്‍ട്ടിയുമായി മുന്നോട്ട് പോകുമെന്ന് എ.പി അബ്ദുല്‍ വഹാബ് നേരത്തെ പറഞ്ഞിരുന്നു. ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട സാഹചര്യത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐ.എന്‍.എല്‍ നേതാവ് കാസിം ഇരിക്കൂര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിച്ചില്ലെന്ന് എ.പി അബ്ദുല്‍ വഹാബ് ആരോപിച്ചു. ദേശീയ നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതയെ എതിര്‍ത്തതിനാല്‍ തങ്ങളോട് വൈര്യമാണെന്നും സംസ്ഥാന കൗണ്‍സില്‍ യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ഐ.എന്‍.എല്ലില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടത്. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവിലാണ് തീരുമാനമുണ്ടായത്. ഇതോടെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു. അഡ്ഹോക് കമ്മിറ്റിയില്‍ ഏഴംഗങ്ങളാണുള്ളത്. അബ്ദുല്‍ വഹാബും, കാസിം ഇരിക്കൂറും അഡ്ഹോക് കമ്മിറ്റിയില്‍ ഉണ്ട്.
മാസങ്ങളായി ഐ.എന്‍.എല്ലിന് അകത്ത് നിലനില്ക്കുന്ന അബ്ദുല്‍ വഹാബ്-കാസിം ഇരിക്കൂര്‍ തര്‍ക്കത്തിന് വിരാമമിടാനാണ് ദേശീയ നേതൃത്വം ശ്രമിച്ചത്. കാസിം ഇരിക്കൂറിനൊപ്പം നില്ക്കുന്ന ദേശീയ നേത്യത്വം വഹാബിനേയും ഒപ്പമുള്ളവരേയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുകയും ചെയ്തു. തീരുമാനം എടുക്കുന്നതിന് വേണ്ടി ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ എപി അബ്ദുല്‍ വഹാബ് പങ്കെടുത്തിരുന്നില്ല. പറയാനുള്ള കാര്യങ്ങള്‍ ദേശീയ പ്രസിഡന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എപി അബ്ദുല്‍ വഹാബ് അറിയിച്ചു.

