KSDLIVENEWS

Real news for everyone

പൊലീസില്‍ കുഴപ്പക്കാരുണ്ട്, അവരെ നിയന്ത്രിക്കും: മുഖ്യമന്ത്രി

SHARE THIS ON

പൊലീസില്‍ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമ്മേളനത്തില്‍ പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍സിപി ഘടകകക്ഷിയാണെന്നും കുട്ടനാട് എംഎല്‍എയെ നിയന്ത്രിക്കാന്‍ പോകേണ്ടെന്നും സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ സിപിഎമ്മിലുള്ള വിഭാഗീയത അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ജില്ലയിലും കാണാത്ത പ്രശ്‌നങ്ങളാണ് ആലപ്പുഴയിലെന്നും അവസാനിപ്പിച്ച വിഭാഗീയത പുതിയ രൂപത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില സഖാക്കളെക്കുറിച്ച്‌ പറഞ്ഞ വിമര്‍ശനങ്ങള്‍ ശരിയാണോയെന്ന് അവര്‍ തന്നെ പരിശോധിക്കണംമെന്നും അത് കൂടുതല്‍ തെളിമയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയത എവിടെയൊക്കെ ഉണ്ടെന്നും ആരൊക്കെയെന്നും നേതൃത്വത്തിന് കൃത്യമായി അറിയാമെന്നും അവ തിരുത്തണമെന്നും അല്ലെങ്കില്‍ തിരുത്തിക്കുമെന്നും പിണറായി ഓര്‍മിപ്പിച്ചു. അരൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു.

അതേസമയം, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസറിനെ നിലനിര്‍ത്താന്‍ സമ്മേളനം തീരുമാനിച്ചു. ഡി ലക്ഷ്മണന്‍, ബി രാജേന്ദ്രന്‍,വിശ്വംഭരപണിക്കര്‍ എന്നിവരെ ജില്ല കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതി അംഗമായ സജി ചെറിയാന്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവായി. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആര്‍ രാഹുല്‍, പ്രസിഡന്റ് ജയിംസ് സാമുവല്‍. കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണന്‍ ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം ശശികുമാര്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവരെ ഉള്‍പ്പെടുത്തി. 46 അംഗ ജില്ലാ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!