എന്റെ കൈകള്‍ ശുദ്ധം, അന്വേഷണം നടത്തിക്കോട്ടെ; അഴിമതി ആരോപണത്തില്‍ എംഎം മണി

തിരുവനന്തപുരം: കെഎസ്‌ഇബിയിലെ (KSEB) ക്രമക്കേടാരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് (V. D. Satheesan) മറുപടിയുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി (MM Mani) എംഎല്‍എ. വി ഡി സതീശന്‍റെ കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുമ്ബോളാണ് കെ എസ് ഇ ബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടന്നതെന്നും എംഎം മണി ആരോപിച്ചു. കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്‍റെ കൈകള്‍ ശുദ്ധമാണ്. കെഎസ് ഇബി വിഷയത്തില്‍ വേണമെങ്കില്‍ അന്വേഷണം നടത്തിക്കോട്ടേയെന്നും
എം എം മണി കൂട്ടിച്ചേര്‍ത്തു.
അതേ സമയം കെഎസ്‌ഇബിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ചെയര്‍മാന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ക്രമക്കേടുണ്ടായെന്ന കെഎസ്‌ഇബി ചെയര്‍മാന്റെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ടെന്‍ഡര്‍ വിശദാംശങ്ങള്‍ എഞ്ചിനീയര്‍മാര്‍ തന്നെ ചോര്‍ത്തി കൊടുക്കുന്നുവെന്ന് ചെയര്‍മാന്‍ തന്നെ പറയുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. പ്രതിപക്ഷം ഉന്നയിച്ച ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
”വൈദ്യുതി ബോര്‍ഡില്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കെഎസ്‌ഇബി ക്ഷണിച്ചുവരുത്തിയ നഷ്ടം ചാര്‍ജ് വര്‍ദ്ധനയിലൂടെ സാധരാണക്കാരന് തിരിച്ചടിയാവുകയാണ്. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി ചെയര്‍മാന്‍ ബി അശോക് പറഞ്ഞ ഒന്നും നിഷേധിച്ചിട്ടില്ലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ഓഫീസുപോലെയാണ് കെഎസ്‌ഇബി പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സതീശന്‍ പ്രശ്നം നിയമസഭയില്‍ സര്‍ക്കാറിനെതിരെ ഉന്നയിക്കാനൊരുങ്ങുകയാണ്.
KSEB : കെഎസ്‌ഇബി ഭൂമി വിവാദം; മൂന്നാറില്‍ നിയമ വിരുദ്ധ നിര്‍മാണം, ഭൂമി നല്‍കിയത് സിപിഎം ഭരിക്കുന്ന സഹകരണബാങ്കിന്
അതേ സമയം രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച ചെയര്‍മാന്‍ ഡോ.ബി.അശോക് രാജിവെച്ചൊഴിയണമെന്ന നിലപാടിലാണ് ഇടത് യൂണിയനുകള്‍. നാളെ ഒത്ത് തീര്‍പ്പ് ചര്‍ച്ച നടക്കാനിരിക്കെയും വൈദ്യുതി ഭവന് മുന്നിലെ ഇടത് യൂണിയനുകളുടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ഇടത് യൂണിയന്‍ തന്നെ സമരത്തിനിറങ്ങിയതും,സര്‍ക്കാരിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലേക്ക് ആരോപണ പ്രത്യാരോപണങ്ങള്‍ നീങ്ങിയതും മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. നാളെ ഉച്ചക്ക് ഇടത് മുന്നണി കണ്‍വീനറും, ട്രേഡ് യൂണിയന്‍ നേതാക്കളും വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടത്തും. ക്രമക്കേട് ഉന്നയിച്ച സാഹചര്യത്തില്‍ ചെയര്‍മാനെ ഉടന്‍ മാറ്റിയാല്‍ വിവാദം ശക്തമാകുമെന്നതിനാല്‍ തല്‍ക്കാലം ബി അശോകിനെ തുടരാന്‍ അനുവദിച്ചേക്കും.
ട്രാന്‍സ്ഗ്രിഡ് അഴിമതി വ്യക്തമായി, എംഎം മണി മന്ത്രിയെ ഭീഷണിപ്പെടുത്തുന്നു: പ്രതിപക്ഷ നേതാവ്

