KSDLIVENEWS

Real news for everyone

ഗുജറാത്തില്‍ വീശിയടിച്ച് ബിപോര്‍ജോയ്; രണ്ട് മരണം, നിരവധി മരങ്ങള്‍ കടപുഴകി

SHARE THIS ON

അഹമ്മദാബാദ്: ഗുജറാത്തിന്റെ തീരദേശത്തെ വിറപ്പിച്ച് അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് കരയിലെത്തി. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ മരങ്ങളും എഴുന്നൂറോളം വൈദ്യുതക്കാലുകളും പുഴകി. വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു. കടലില്‍ തിരകള്‍ മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു. മരം വീണ് ദ്വാരകയില്‍ മൂന്നാള്‍ക്ക് പരിക്കേറ്റു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍.ഡി. ആര്‍. എഫ്. സംഘം രക്ഷിച്ചു. മുന്ദ്രയില്‍ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി. ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ളത്. എട്ടു തീരദേശജില്ലകളില്‍നിന്നായി ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 99 തീവണ്ടികള്‍ പൂര്‍ണമായും 39 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ടെലിഫോണില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കാറ്റിന്റെ കരപ്രവേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചത്. അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ്യുടെ പുറംഭാഗം കച്ചിലും ദ്വാരകയിലുമായി കരയിലേക്ക് കടന്നുവെന്ന് ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹാപത്ര അറിയിച്ചു. 50 കിലോമീറ്റര്‍ വ്യാസമുള്ള ഉള്‍ഭാഗം അപ്പോള്‍ ജക്കാവുതീരത്തിന് 70 കിലോമീറ്റര്‍ അകലെയായിരുന്നു. അര്‍ധരാത്രിയോടെയാണ് കാറ്റ് പൂര്‍ണമായും കരയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ വേഗം 40 കിലോമീറ്ററായി കുറയും. ദുരന്തം എന്നര്‍ഥമുള്ള ബിപോര്‍ജോയ് അറബിക്കടലില്‍ ഏറ്റവും കൂടുതല്‍ നിലനിന്ന കാറ്റാണ്. ജൂണ്‍ ആറിനാണ് രൂപംകൊണ്ടത്. 10 ദിവസവും 12 മണിക്കൂറുമെടുത്താണ് കരയിലെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!