നെഹ്‌റു സ്മാരകത്തിൽനിന്ന് നെഹ്‌റുവിനെ വെട്ടി കേന്ദ്രം; അൽപ്പത്തരവും പ്രതികാരവുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരില്‍ നിന്ന് നെഹ്‌റുവിനെ വെട്ടി കേന്ദ്രം. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി ഇനി പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നറിയപ്പെടും. വ്യാഴാഴ്ച ചേര്‍ന്ന എന്‍.എം.എം.എല്‍. സൊസൈറ്റിയുടെ യോഗത്തിലായിരുന്നു പേര് മാറ്റാനുള്ള തീരുമാനം. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പേരുമാറ്റത്തിനുള്ള തീരുമാനമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി. കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍. പേരുമാറ്റാനുള്ള നിര്‍ദേശത്തെ യോഗത്തില്‍ രാജ്‌നാഥ് സിങ് സ്വാഗതം ചെയ്തു. എല്ലാ പ്രധാനമന്ത്രിമാരേയും ഉള്‍ക്കൊള്ളുന്നതിലൂടെ സ്മരണകളെ ജനാധിപത്യവത്കരിക്കുന്നുവെന്ന് എന്‍.എം.എം.എല്‍. എക്‌സിക്യൂട്ടീ വ് കൗണ്‍സില്‍ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. ലാഭ പ്രതീക്ഷയില്‍ വിപണി: നേട്ടമുണ്ടാക്കാന്‍ ഈ സെക്ടറുകള്‍ See More ബ്രീട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവന്‍. പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വസതിയാവുകയായിരുന്നു. 1964-ല്‍ നെഹ്‌റു മരിക്കുന്നതുവരെ 16 വര്‍ഷത്തോളം നെഹ്‌റു തീന്‍മൂര്‍ത്തി ഭവനായിരുന്നു ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്നത്. നെഹ്‌റുവിന്റെ 75-ാം ജന്മദിനത്തില്‍ അന്നത്തെ രാഷ്ട്രപതി എസ്. രാധാകൃഷ്ണനാണ് തീന്‍മൂര്‍ത്തി ഭവന്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതും നെഹ്‌റു സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നതും. ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരുടേയും സ്മരണയ്ക്കായി മ്യൂസിയം സ്ഥാപിക്കാനുള്ള ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിഷേധം വകവെക്കാതെ തീന്‍മൂര്‍ത്തി ഭവന്‍ പരിസരത്ത് പ്രധാനമന്ത്രി സംഗ്രഹാലയ നിര്‍മിച്ച്, 2022-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഉദ്ഘാടനം ചെയ്തിരുന്നു. സംഭവത്തില്‍ നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘അല്‍പ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദി’യെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു. ‘കഴിഞ്ഞ 59 വര്‍ഷമായി ആഗോള ബൗദ്ധികകേന്ദ്രവും പുസ്തകങ്ങളുടേയും ചരിത്രരേഖകളുടേയും നിധിയുമാണ് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി. അരക്ഷിതാവസ്ഥയുടെ അമിതഭാരം പേറിയ ഒരു ചെറിയ, ചെറിയ മനുഷ്യനാണ് ഈ സ്വയം പ്രഖ്യാപിത വിശ്വഗുരു’, ജയറാം രമേഷ് ട്വീറ്ററില്‍ കുറിച്ചു.

