സിപിഎമ്മുമായി കൈകോർത്ത് കോൺഗ്രസ് പിന്തുണയ്ക്ക് സമീപിക്കേണ്ട: തുറന്നടിച്ച് മമത

കൊൽക്കത്ത ∙ ബിജെപിയെ എതിർക്കുന്നതിനു പാർലമെന്റിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ താൻ തയാറാണെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. എന്നാൽ, ബംഗാളിൽ സിപിഎമ്മുമായി കൈകോർത്ത കോൺഗ്രസ് പിന്തുണയ്ക്കായി തന്നെ സമീപിക്കേണ്ടെന്നും മമത പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘‘സിപിഎമ്മിനെ കൂടെ കൂട്ടിയ കോൺഗ്രസുമായി പ്രാദേശിക തലത്തിൽ ധാരണയുണ്ടാകില്ല. ഇടതുപക്ഷവുമായി കൈകോർത്ത കോൺഗ്രസിന് സംസ്ഥാനത്ത് പിന്തുണ പ്രതീക്ഷിക്കേണ്ട. ദേശീയതലത്തിൽ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസിന് പിന്തുണ നൽകാം. ബംഗാളിൽ ഇതേ സഹായം പ്രതീക്ഷിക്കരുത്. സിപിഎമ്മിന്റെ അടുത്ത സുഹൃത്താണ് കോൺഗ്രസ്’’– മമത പറഞ്ഞു. 23നു ബിഹാറിലെ പട്നയിൽ ചേരുന്ന പ്രതിപക്ഷ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണു മമത നിലപാട് കടുപ്പിച്ചത്. ബിജെപിക്കെതിരായ ഐക്യനീക്കങ്ങളിൽ പരസ്പര ധാരണയോടെ പ്രവർത്തിക്കാൻ പ്രതിപക്ഷ കക്ഷികൾ പൊതു മിനിമം പരിപാടി തയാറാക്കും. ഇതിന്റെ രൂപരേഖ തയാറാക്കാനുള്ള സമിതിയുടെ നേതൃത്വം എൻസിപി അധ്യക്ഷനും പ്രതിപക്ഷത്തെ തലമുതിർന്ന നേതാവുമായ ശരദ് പവാറിനെ ഏൽപിച്ചേക്കുമെന്നാണു റിപ്പോർട്ട്. കൺവീനർ റോളിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വന്നേക്കുമെന്നാണു സൂചന.

