KSDLIVENEWS

Real news for everyone

പദ്ധതികൾ ഇനി വേഗത്തിൽ : ഇന്റേൺഷിപ്പ് പ്രോഗ്രാമുമായി ജില്ലാപഞ്ചായത്ത്

SHARE THIS ON

കാസർകോട്: കോവിഡിനിടയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീർക്കേണ്ടതും പുതുതായി രൂപം നൽകേണ്ടതുമായ പദ്ധതികൾ ഏകോപിപ്പിക്കാൻ ഇന്റേൺഷിപ്പ് പ്രോഗ്രാമുമായി ജില്ലാപഞ്ചായത്ത്.

ശ്രീപെരുമ്പുത്തൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റിലെ പൂർവ വിദ്യാർഥികൾ രൂപം നൽകിയ വൈബ്രന്റ് കമ്യൂണിറ്റി ആക്ഷൻ നെറ്റ്‌വർക്ക് (വി കാൻ) സോഷ്യൽ എൻജിനീയറിങ്‌ കൂട്ടായ്മയുമായി ചേർന്നാണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ പുതിയ പദ്ധതികൾ രൂപവത്കരിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ നിർവഹണത്തിന് സഹായിക്കാനുമാണ് ഇന്റേൺഷിപ്പ് ഊന്നൽ നൽകുന്നത്.


ജില്ലാ പഞ്ചായത്തിലെ എൻ.പി.ആർ.പി.ഡി.പി. ബ്ലോക്കിലെ സൗകര്യം ഇന്റേൺഷിപ്പ് സെന്ററായി ഉപയോഗപ്പെടുത്തും. ജില്ലാപഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ച കാസർകോട് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസും ഇവിടെ പ്രവർത്തനം ആരംഭിക്കും.

നിലവിൽ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ്‌, അസിം പ്രേംജി യൂണിവേഴ്‌സിറ്റി, വിവിധ കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിലെ 15 വിദ്യാർഥികളാണ് സന്നദ്ധരായി ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്നത്. വിവിധ ജില്ലകളിൽനിന്നുള്ളവരായതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി താമസവും മറ്റ് സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് നൽകും.


ജില്ലാപഞ്ചായത്ത് സംഘടിപ്പിക്കുന്ന വിവിധ മന്ത്രിമാർ പങ്കെടുക്കുന്ന ക്ലബ്ബ് ഹൗസ് ചർച്ചകളിലൂടെ ഉയർന്നുവരുന്ന നിർദേശങ്ങളെ ഇന്റേൺസിന്റെ സഹായത്തോടെ പദ്ധതികളാക്കാനും ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ടെന്ന് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ. സി.തമ്പാൻ പറഞ്ഞു.

സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എൻ.സരിത, പ്ലാൻ കോ ഓർഡിനേറ്റർ കെ.ജി.വിദ്യാധരൻ, വി കാൻ പ്രതിനിധികളായ അഖിൽ കുര്യൻ, കെ.ജി.കലാധരൻ, പി.വൈ.മുനാസ്, കെ.വി.സുർജിത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!