അമല അനു സഞ്ചരിച്ച കാര്‍ കണ്ടെത്തി അന്വേഷണസംഘം; വ്‌ളോഗര്‍ ഒളിവില്‍ത്തന്നെ

കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന കേസിലെ പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അതിനിടെ, കേസില്‍ അമല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വനംവകുപ്പ് ഹൈക്കോടതയില്‍ എതിര്‍ക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഗുരുതരമായ നിയലംഘനം നടത്തി അതിക്രമിച്ച് കയറിയ അമലയെ കുടുക്കാനാണ് വനംവകുപ്പിന്റെ നീക്കം.
കിളിമാനൂരില്‍ അമല ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം റേഞ്ച് ഓഫീസറും സംഘവും എത്തിയെങ്കിലും അവിടെനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. അവിടെനിന്നാണ് കാര്‍ കണ്ടെത്തിയത്. കിളിമാനൂരില്‍നിന്ന് പാലക്കാട് തിരുവല്വാമലയിലേക്കാണ് അമല ആദ്യം പോയത്. ഇവിടെ ഒരു സുഹൃത്തിന്റെ അടുത്താണ് എത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മനസ്സിലാക്കിയ അമല ഇവിടെ നിന്നും മുങ്ങി.
ഇതിനിടെ ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍ക്കിക്കുകയും ചെയ്തു. കോടതി തീരുമാനം വരട്ടെ എന്ന നിലപാടിലാണ് ഇപ്പോള്‍ അന്വേഷണ സംഘമുള്ളത്. അമല നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കാണിച്ച് വിശദമായ സത്യവാങ്മൂലമാണ് ജാമ്യത്തെ എതിര്‍ത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമല അനു ഒളിവില്‍ പോയത്.

