KSDLIVENEWS

Real news for everyone

കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ജനല്‍ച്ചില്ല് പൊട്ടി

SHARE THIS ON

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.49-ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിലെ സി- എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ആര്‍.പി.എഫ്. സംഘമെത്തി പരിശോധന നടത്തി, അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസങ്ങളിലും കണ്ണൂരിലെ വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു. ഓഗസ്റ്റ് 14 തിങ്കളാഴ്ച ഉച്ചയ്ക്ക് തുരന്തോ എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലായിരുന്നു ഈ സംഭവം. ഇതിന് തലേദിവസം രാത്രി മൂന്ന് ട്രെയിനുകള്‍ക്ക് നേരേയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി തിരുവനന്തപുരം-മുംബൈ എല്‍.ടി.ടി. നേത്രാവതി എക്‌സ്പ്രസിന്റെ എ.സി. കോച്ചിന് നേരേ കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ കോച്ചിലെ ജനല്‍ച്ചില്ല് തകര്‍ന്നു. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നേരേയും അതേദിവസം കല്ലേറുണ്ടായി. കണ്ണൂരിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. കാസര്‍കോട് നീലശ്വേരത്തിനടുത്ത് ഓഖ-എറണാകുളം എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടായതും ഞായറാഴ്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!