KSDLIVENEWS

Real news for everyone

പർദ്ദ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തിൽ കയറി വീഡിയോ പകർത്തി; ഐ.ടി. ജീവനക്കാരൻ പിടിയിൽ

SHARE THIS ON

കൊച്ചി: പർദ്ദ ധരിച്ച് വനിതയെന്ന വ്യാജേന ഇടപ്പള്ളി ലുലു മാളിലെ ശൗചാലയത്തിൽ കയറി ദൃശ്യങ്ങൾ പകർത്തിയ യുവാവ് അ‌റസ്റ്റിൽ. സ്ത്രീകളുടെ ശൗചാലയത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങളെടുത്ത കണ്ണൂർ കരിവെള്ളൂർ സ്വദേശി അ‌ഭിമന്യു എം.എ. (23) എന്നയാളെയാണ് കളമശ്ശേരി പോലീസ് അ‌റസ്റ്റുചെയ്തത്. ബിടെക് ബിരുദധാരിയായ അ‌ഭിമന്യു ഇൻഫോ പാർക്കിലെ പ്രമുഖ ഐ.ടി. സ്ഥാപനത്തിൽ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സാധാരണ വേഷത്തിൽ മാളിലെത്തിയ അ‌ഭിമന്യു, ഒഴിഞ്ഞ സ്ഥലത്തുവെച്ച് കയ്യിൽ കരുതിയിരുന്ന പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറി. തുടർന്ന് മൊബൈൽ ഫോൺ ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചുവെച്ചതിനുശേഷം അതിൽ ചെറിയ ദ്വാരം ഉണ്ടാക്കി ശൗചാലയത്തിന്റെ വാതിലിനോട് ചേർത്ത് ഒട്ടിച്ചുവെക്കുകയായിരുന്നു. വാതിലിനു മുന്നിൽ നിന്നുള്ള അ‌സ്വാഭാവിക പെരുമാറ്റം കണ്ട് സംശയം തോന്നിയ സ്ത്രീകൾ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ അ‌റിയിച്ചതിനെ തുടർന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പെൺവേഷത്തിൽ എത്തിയ പുരുഷനാണ് ഇതെന്നും ശുചിമുറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയിൽ നിന്നാണ് ഇയാൾ പർദ്ദ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. ഇയാൾ വീഡിയോ പകർത്തുവാൻ ഉപയോഗിച്ച മൊബൈൽ ഫോണും ധരിച്ചിരുന്ന പർദ്ദയും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354(C) (വോയൂറിസം) , 419 (ആൾമാറാട്ടം), ഇൻഫർമേഷൻ ടെക്നോളജി ആക്ട് 66(E) എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കളമശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ മറ്റ് സ്ഥാപനങ്ങളിൽ ചെന്ന് ഇപ്രകാരം വീഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!