അധികാരം ഏകാതിപത്യത്തിലേക്കുള്ള കുറുക്ക് വഴിയല്ല/ പൗരാവകാശങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക ജനാധിപത്യദിനം

തിരുവനന്തപുരം: ഇന്ന് ലോകജനാധിപത്യദിനം. ഭരണപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഓരോ പൗരനും പ്രദാനം ചെയ്യുന്ന വ്യവസ്ഥിതിയാണ് ജനാധിപത്യം.
എന്നാല്‍ ജനാധിപത്യത്തിലൂടെ അധികാരത്തിലേറി തികഞ്ഞ ഏകാധിപതികളായി മാറിയ നിരവധി നേതാക്കളുടെ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിനാല്‍ ഈ വ്യവസ്ഥയില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നവരും അനേകമാണ്. ജനാധിപത്യം ലോകത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം.
ഗ്രീസിലെ ഹെറോഡോട്ടസിലാരംഭിച്ച ജനാധിപത്യചിന്തകളുടെ ജൈത്രയാത്ര പലകാലവും കാതവും കടന്ന് ഇന്ന് 21ാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്ബോഴും സമഗ്രമായി നടപ്പാക്കപ്പെട്ടിട്ടില്ല. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ കസേരയിലമര്‍ന്നവരില്‍ പലരും അത് കനക സിംഹാസനമായി പരിഗണിക്കുകയും ചെയ്തു. സ്വതന്ത്ര ഗവേഷക സംഘടനയായ വി- ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 2023ലെ പഠനപ്രകാരം ലോകജനസംഖ്യയുടെ 72% ജനങ്ങളും സ്വേച്ഛാധിപത്യ വ്യവസ്ഥിതികള്‍ക്ക് കീഴിലാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലുള്ള ഏറ്റവും
ഉയര്‍ന്ന കണക്കാണിത്. 2020 ഓടെ അഭിപ്രായസ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതായ 35 രാജ്യങ്ങള്‍ ലോകത്തുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. പത്ത് വര്‍ഷം മുൻപ് ഇത് വെറും പത്തായിരുന്നു. മാധ്യമങ്ങള്‍ക്ക് മേലുള്ള ഭരണകൂട സെൻസര്‍ഷിപ്പ് ഏറ്റവും മോശമാവുന്നത് 47 രാജ്യങ്ങളിലാണ്. 37 ഇടത്ത് പൗരാവകാശങ്ങള്‍ പൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെടുന്നു.
ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്തില്ലെങ്കിലുള്ള അപകടം നമ്മളേക്കാള്‍ കഴിവ് കുറഞ്ഞ മനുഷ്യര്‍ നമ്മെ ഭരിക്കുമെന്നതാണ് പ്ലേറ്റോയുടെ വാക്കുകള്‍. അതൊരു ഓര്‍മ്മപ്പെടുത്തലുകൂടിയാണ്. നമ്മെ നയിക്കേണ്ടുന്ന ഈ വ്യവസ്ഥിതിയെ ജാഗ്രതയോടെ തന്നെ നോക്കിക്കാണാനും ജാഗ്രതയോടെ തന്നെ നോക്കിക്കാണാനും അത് മരവിച്ച് പോകാതെ കാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തല്‍.

