മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കറക്കം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ മോഷ്ടിച്ച ബൈക്കുമായി റോഡ് ക്യാമറകൾക്കു മുന്നിലൂടെ ഹെൽമറ്റില്ലാതെ പാഞ്ഞ കള്ളന്മാരിൽ ഒരാൾ പൊലീസ് പിടിയിൽ. ബൈക്ക് കണ്ടെത്താനായില്ല. കോഴിക്കോട് യോഗികുളങ്ങര ക്ഷേത്രത്തിനു സമീപം പുനത്തിൽ മീത്തൽ വീട്ടിലെ വി.പി.അഭിനവിനെ (19) ആണ് കോഴിക്കോട് മേപ്പയൂരിൽനിന്നാണ് ഹൊസ്ദുർഗ് പൊലീസ് പിടികൂടിയത്. കൂരാച്ചുണ്ട് സ്വദേശി അബിൻരാജിനായി അന്വേഷണം തുടരുന്നു. ബൈക്ക് അബിൻ രാജിന്റെ കൈവശമാണെന്ന് അഭിനവ് പറയുന്നു. ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ബിഎംഎസ് ചുമട്ടുതൊഴിലാളിയുമായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ.ഭാസ്കരന്റെ ബൈക്കാണ് മോഷണം പോയത്. മോഷ്ടാക്കൾ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതുവഴി 9,500 രൂപ പിഴ അടയ്ക്കാൻ ഭാസ്കരന് മോട്ടർവാഹന വകുപ്പിന്റെ നോട്ടിസ് ലഭിച്ചു. ഹെൽമറ്റ് ധരിക്കാത്തതിനാൽ റോഡ് ക്യാമറകളിൽ പ്രതികളുടെ ചിത്രം വ്യക്തമായി ലഭിച്ചു. ജൂൺ 27ന് കാഞ്ഞങ്ങാട്ട് ഒരു ഷോപ്പിങ് കോംപ്ലക്സിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. പിഴ അടയ്ക്കാൻ ഭാസ്കരന് നോട്ടിസ് ലഭിച്ചതോടെയാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, എസ്ഐ കെ.പി.സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ് കുമാർ, ഷൈജു, ഇബ്രാഹിം കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

