ബലാത്സംഗക്കേസില്‍ പുതിയ ഓര്‍ഡിനന്‍സിന് അംഗീകാരം നൽകി പാകിസ്താന്‍ ; പലതവണ കുറ്റവാളിയാകുന്നവരെ ഷണ്ഡീകരിക്കും,

ലാഹോർ: പാകിസ്താനിൽ പുതിയ ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന് പ്രസിഡന്റ് ആരിഫ് ആൽവി ചൊവ്വാഴ്ച അംഗീകാരം നൽകി. ബലാത്സംഗ കേസുകളിൽ കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കൾ ഉപയോഗിച്ച് ഷണ്ഡീകരിക്കാൻ വ്യവസ്ഥ ചെയ്യുനന്താണ് ഓർഡിൻസ്. ഓർഡിനൻസിന് പാകിസ്താൻ മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ബലാത്സംഗ കേസുകളുടെ വേഗത്തിലുള്ള വിചാരണ നിയമം ഉറപ്പാക്കുമെന്നും ഇതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും പാക് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കോടതികൾ നാലുമാസത്തിനുള്ളിൽ കേസുകൾ തീർപ്പാക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ദേശീയ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റിയുടെ സഹായത്തോടെ ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി സ്ഥാപിക്കും. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ല. വെളിപ്പെടുത്തൽ ഓർഡിനൻസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായിരിക്കും. കേസുകൾ അന്വേഷിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്ന പോലീസ്, സർക്കാർ ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം തടവും പിഴയും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.
ബലാത്സംഗക്കേസിലെ പ്രതികളെ ഷണ്ഡീകരിക്കുന്നത് പരിഗണനയിലുണ്ടെന്ന് സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചിരുന്നു. ഒരാളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കുന്നതിനായാണ് രാസവസ്തുക്കൾ ഉപയോഗിച്ച് ഷണ്ഡീകരിക്കുന്നതെന്നും ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണത്തിൽ നിന്നും വ്യത്യസ്തമാണിതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

